കണ്ണൂരിന്റെ നേര്‍കാഴ്ച പ്രവാസ ലോകത്ത് ഒരുക്കി ശ്രദ്ധനേടാന്‍ ഒരുങ്ങുകയാണ് അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി.
കണ്ണൂരിന്റെ നിത്യജീവിതവും കലാസാംസ്‌കാരിക തനിമയും അപ്പത്തരങ്ങളുമെല്ലാമായി മാര്‍ച്ച് 5,6 തിയ്യതികളിലാണ് കണ്ണൂര്‍ ഫെസ്റ്റ് അരങ്ങേറുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ എട്ട് നിയോജക മണ്ഡലം കമ്മിറ്റികള്‍ ഒരുക്കുന്ന കൂടാരങ്ങളില്‍ നാടിന്റെ തനതായ കലാസാംസ്‌കാരിക പരിപാടികളും പിറന്ന മണ്ണിന്റെ മണമുള്ള വേറിട്ട കാഴ്ചകളുമുണ്ടായിരിക്കും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കണ്ണൂരിന്റെ ഒട്ടേറെ ഭക്ഷ്യവിഭവങ്ങളുമായി നിരവധി ഭക്ഷണ സ്റ്റാളുകളൊരുക്കി വനിതകളും രംഗത്തുണ്ടാവും.
കൂടാതെ ആരോഗ്യവിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍, പുസ്തകച്ചന്ത, സൗജന്യ കോവിഡ് പരിശോധന, പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍, കായിക മത്സരങ്ങള്‍, പാചക മത്സരം എന്നിവയും ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രസിഡണ്ട് സാബിര്‍ മാട്ടൂല്‍, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ നരിക്കോട്, ട്രഷറര്‍ നസീര്‍ രാമന്തളി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹംസ നടുവില്‍, മുഹമ്മദ് കൊളച്ചേരി, റഈസ് ചെംബിയോട്, ഇസ്മാഈല്‍ പാലക്കോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.