കൊച്ചുമകളെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണ (59) വെള്ള ടാങ്കിന് മുകളില്‍ കയറി സ്വയം വെടിവെച്ചു മരിച്ചു. മകളെ പീഡിപ്പിച്ചെന്നാരോപിച്ച് മരുമകള്‍ പരാതി നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് ആത്മഹത്യ.
ആരോപണത്തില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കജ് ഭട്ട് പറഞ്ഞു. സംഭവത്തിന് മുമ്പ് രാജേന്ദ്ര പൊലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നെന്നും തങ്ങള്‍ വീട്ടിലെത്തിയപ്പോഴേക്കും ടാങ്കിന് മുകളില്‍ കയറിയിരുന്നെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, തനിക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നെന്ന് ആവര്‍ത്തിച്ച് രാജേന്ദ്ര നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. മരുമകളുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ നിയമ പ്രകാരം ബഹുഗുണക്കെതിരെ കേസെടുത്തിരുന്നു. മകന്‍ അജയ് ബഹുഗുണ, മരുമകള്‍, മരുമകളുടെ പിതാവ്, അയല്‍വാസി എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്ക് പൊലീസ് കേസെടുത്തു. 2004ലെ എന്‍.ഡി തിവാരി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു ബഹുഗുണ.
ഭാരതീയ മസ്ദൂര്‍ സംഘ്, പരിവാഹന്‍ സംഘ്, റോഡ്‌വേസ് എംപ്ലോയീസ് യൂണിയന്‍, ഐഎന്‍ടിയുസി മസ്ദൂര്‍ സംഘ് എന്നിവയുടെ നേതാവായി പ്രവര്‍ത്തിച്ചു.