റഷ്യ അധിനിവേശം നടത്തിയ സ്വതന്ത്ര റിപ്പബ്ലിക്കായ യുക്രെയിനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവനുംസ്വത്തും സംരക്ഷിക്കേണ്ടത് ആ രാജ്യത്തിലെ ഭരണകൂടത്തിന്റെ മാത്രമല്ല, മനുഷ്യസ്‌നേഹികളായ മുഴുവന്‍ ആളുകളുടെയും ബാധ്യതയാണ്. സാധാരണക്കാരും സൈനികരോടൊപ്പം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് ആ രാജ്യത്തുനിന്ന് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍. ഇന്ത്യാസര്‍ക്കാരും ജനങ്ങളും ഇപ്പോഴാശ്രയിക്കുന്നത് വിദേശ പാശ്ചാത്യ മാധ്യമങ്ങളെയാണ്. അവര്‍ തരുന്ന വിവരങ്ങളനുസരിച്ച് ഇതുവരെ നൂറുകണക്കിന ്‌പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ ഇന്ത്യക്കാരുടെ അവസ്ഥയും പരിതാപകരമാണെന്നാണ് വാര്‍ത്തകള്‍. അവര്‍ അവിടെനിന്ന് മൊബൈല്‍ ഫോണുകളില്‍ അയയ്ക്കുന്ന വിവരങ്ങളനുസരിച്ച് പണം നല്‍കിയാലും ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥ പല സ്ഥലത്തുമുണ്ട്. ജീവന്‍ വരെ ഏതുനിമിഷവും കവര്‍ച്ച ചെയ്യപ്പെടുമെന്ന ഭീതിയാണ് അതിലും ഹൃദയഭേദകം. മറ്റൊരു രാജ്യത്ത് തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ചെന്നവര്‍ക്ക് അവിടെ ന്യായമായും ലഭിക്കേണ്ട സുരക്ഷയും സൗകര്യങ്ങളും കിട്ടിയേ തീരൂ. ഇക്കാര്യത്തില്‍ അക്രമകാരികളായ റഷ്യയുടെ മേധാവികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സിവിലിയന്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പറഞ്ഞതെങ്കിലും യുക്രെയിന്റെ പല ജനവാസമേഖലകളിലും ആക്രമണം നടന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിനിടെ ഇന്ത്യക്കാരുടെ ജീവന്‍ സംരക്ഷിക്കുകയും അവരെ നാട്ടില്‍ തിരികെയെത്തിക്കുകയും വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനായെങ്കിലും തുടരാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. അത്പക്ഷേ ഇക്കാര്യത്തില്‍ പരിപൂര്‍ണമായും നടന്നില്ല എന്ന പരാതി വ്യാപകമാണ്. ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് ഇന്ത്യാസര്‍ക്കാര്‍ നടത്തിയ ഭഗീരതയത്‌നം പലരും ഓര്‍ക്കുകാണിപ്പോള്‍. ആക്രമണസാധ്യത എത്രയോ നാളായി പറഞ്ഞുകേള്‍ക്കുന്ന നിലക്ക് കേന്ദ്ര സര്‍ക്കാരിനും പ്രത്യേകിച്ച് വിദേശകാര്യ വകുപ്പിനും കൂടുതല്‍ ചടുലതയോടെ നീങ്ങാമായിരുന്നുവെന്നാണ് എല്ലാവരുമിപ്പോള്‍ പറയുന്നത്.
കഴിഞ്ഞദിവസം വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുക്രെയിനില്‍ 20,000 ത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് വ്യക്തമാക്കിയത്. ഇവരില്‍ മഹാഭൂരിപക്ഷം പേരും മെഡിക്കല്‍ മുതലായ രംഗങ്ങളില്‍ ഉന്നത പഠനത്തിന് ചെന്നവരാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ സീറ്റുകളുടെ കുറവും സ്വകാര്യ മേഖലയിലെ ഭാരിച്ച ചെലവും കാരണമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത്തരം രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളെ ആശ്രയിക്കുന്നത.് നീറ്റ് പരീക്ഷയുടെ ഫലം വരുന്നതിന് മുമ്പുതന്നെ ഏജന്റുമാര്‍ കുട്ടികളെ ചെലവു ചുരുക്കിക്കാണിച്ചും ഇംഗ്ലീഷ് മാധ്യമം ലഭിക്കുന്നതിനെക്കുറിച്ചും ചൂണ്ടിക്കാട്ടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാറുണ്ട്. മലയാളികളാണ് ഇതില്‍ മുന്നില്‍. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളും യുക്രെയിനിലും റഷ്യയിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും മറ്റും ഉന്നത വിദ്യാഭ്യാസത്തിനായി ഇങ്ങനെ ചെന്നിട്ടുണ്ട്. ഇത്തരക്കാരുടെ ഭാവിയാണ് ഇത്തരമൊരു അവസരത്തില്‍ തുലാസിലായിരിക്കുന്നത്. മൈനസ് ഡിഗ്രിയാണ് ഇവിടത്തെ താപനില. കുറഞ്ഞത് ഇവരുടെ ജീവനെങ്കിലും തിരികെ കൊണ്ടുതരാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ കാണിക്കണം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് റഷ്യ യുക്രെയിനെ ആക്രമിച്ചത്. കിഴക്കന്‍ മേഖലകളിലായിരുന്നു ആദ്യ ആക്രമണമെങ്കിലും പിന്നീട് അത് ഇന്നലെയോടെ വടക്കന്‍ പ്രദേശങ്ങളിലേക്കും തലസ്ഥാനമായ കീവിലേക്കും വരെ വ്യാപിച്ചിരിക്കുകയാണ്. ഇതിനകം വിദ്യാര്‍ത്ഥികളില്‍ പലരും ഭൂഗര്‍ഭ സ്റ്റേഷനുകളിലും മറ്റുമാണ് അഭയം തേടിയിരിക്കുന്നത്. നേരത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രതയും അവധാനതയും പാലിച്ചിരുന്നെങ്കില്‍ കുറഞ്ഞത് ഇവരില്‍ പകുതിയോളം പേരെയെങ്കിലും ഇതിനകം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞേനേ. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് ഇരുപതിനായിരത്തില്‍ വെറും 4000 ത്തോളം പേരെ മാത്രമാണ് ഇതിനകം രാജ്യത്തെത്തിക്കാനായിട്ടുള്ളത്. രണ്ടും മൂന്നും നാലും വര്‍ഷം അവിടെ കഴിഞ്ഞ കുട്ടികളേക്കാള്‍ ഏതാനും മാസം മുമ്പ് മാത്രം അവിടെയെത്തിയ കുട്ടികളുടെ ഭയവും ആശങ്കയും അതോടൊപ്പം നാട്ടിലെ അവരുടെ രക്ഷിതാക്കളുടെ ഭീതിയും ഊഹിക്കാവുന്നതേ ഉള്ളൂ. വിദേശകാര്യ മന്ത്രാലയം നേരത്തെതന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുവെന്നാണ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത്. എന്നാല്‍ ഇതുകൊണ്ടായോ? എത്ര വിമാനമാണ് ഇവര്‍ക്കായി അയച്ചത്. വെറും എട്ടു വിമാനങ്ങളിലായി കുട്ടികള്‍ സ്വയം ടിക്കറ്റെടുത്താണ് എത്തിയത്. ഏറിയകൂറും ഇപ്പോള്‍ അവിടെ കഴിയുന്നവരിലധികവും ഇന്ത്യക്കാരാണ്. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഒരൊറ്റ പൗരന്‍ പോലും യുക്രെയിനിലില്ലെന്ന് അറിയുമ്പോഴാണ ്എല്ലാകാലത്തുമെന്നപോലെ ഇക്കാര്യത്തിലും മോദി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം മുസ്്‌ലിംലീഗ് എം.പി അബ്ദുസ്സമദ് സമദാനി വിദേശകാര്യ സഹമന്ത്രിയെ കണ്ട് നിവേദനം നല്‍കിയതിനെതുടര്‍ന്നാണ് ഇന്നലെ വൈകീട്ടോടെ വിമാനങ്ങള്‍ പുറപ്പെടാന്‍ തീരുമാനിച്ചത്. മലയാളിയായ വിദേശകാര്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും പരാജയമാണിവിടെ കാണാനാകുന്നത്. കുട്ടികളും മുതിര്‍ന്നവരുമായ ഇന്ത്യന്‍ പൗരന്മാര്‍ കിട്ടിയ വാഹനങ്ങളില്‍ പോളണ്ടിന്റെയും റുമേനിയയുടെയും ഹംഗറിയുടെയും അതിര്‍ത്തികളിലേക്ക് പലായനം ചെയ്യുകയാണ്. ഇവിടെ സ്വീകരിക്കാന്‍ പോയിട്ട് അവിടെനിന്ന് എയര്‍ലിഫ്റ്റ് ചെയ്യാന്‍പോലും കഴിയുന്നില്ല. കൊറോണ വ്യാപനകാലത്തും മോദി സര്‍ക്കാര്‍ ഏതാണ്ട് ഇങ്ങനെതന്നെയാണ് പെരുമാറിയതെന്നതിനാല്‍ ഭരണകൂടത്തിന്റെ സമ്പൂര്‍ണപരാജയമെന്നേ ഇതിനെ വിശേഷിപ്പിക്കേണ്ടതുള്ളൂ.