കള്ളക്കടത്തു സ്വര്‍ണ്ണം അയച്ചതാര്. അതു വാങ്ങി ഉപയോഗിച്ചതാര്, അതുകൊണ്ടുള്ള അന്തിമ സാമ്പത്തിക ലാഭമുണ്ടായതാര്‍ക്ക് തുടങ്ങിയ ചോദ്യങ്ങള്‍ പോലെതന്നെ ഉത്തരമില്ലാത്ത മറ്റൊരു ചോദ്യവും ഞങ്ങളുടെ മുന്നിലുണ്ട്. എന്നെ കുറ്റവാളിയാക്കി ശ്രദ്ധ തിരിച്ചുവിടേണ്ട ആവശ്യം ആരുടേതായിരുന്നു. അതിനായി ഗൂഢാലോചന നടത്തിയത് ആരൊക്കെയായിരുന്നു.
എം ശിവശങ്കര്‍ ഐ.എ.എസ്
(പച്ചക്കുതിര, 2022 ഫെബ്രുവരി 1)
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഖ്യ ചുമതലക്കാരന്‍ എം ശിവശങ്കര്‍ ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം ‘അശ്വത്ഥാമാവ് വെറും ഒരു ആന’ (ആക്കൊക്കയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥ) എന്ന പേരിലാണ് പുസ്തകമെഴുതിയത്. സര്‍വീസിലിരിക്കെ സ്റ്റോറിയെഴുതിയതൊരു കാരണമാക്കി ഉന്നത ഐ.എ.എസുകാരനെ വീട്ടിലിരുത്തിയ ഫയല്‍ എഴുതിയ മഹാനുഭാവന്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഭയമൊന്നും വേണ്ട. മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണത്തിന്റെ കോട്ട പണിതും സ്വയം വിശുദ്ധനായി ചമഞ്ഞുമുള്ള ‘അനുഭവമെഴുത്ത്’ ഔദ്യോഗികമായി പുറത്തിറങ്ങുംമുമ്പ് തന്നെ സ്വപ്‌ന സമാനമായ കൗണ്ടറില്‍ അടിയേറ്റത് എം ശിവശങ്കറിനാണെങ്കിലും അസ്ത്രമേറ്റത് കാരണഭൂതനു തന്നെയാണ്.
രാജ്യം ഇന്നേവരെ കാണാത്തവിധം ഒരു സംസ്ഥാനത്തിന്റെ ഭരണസിരാ കേന്ദ്രവും ഭരണത്തലവനും നടത്തിയ ചാരം മൂടപ്പെട്ട മാഫിയ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പൊടിതട്ടുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ ബിഗ് ബോസുമാര്‍ രക്ഷക്കെത്തുമോ എന്നതുമാത്രമേ അറിയാന്‍ ബാക്കിയുള്ളൂ. പാവപ്പെട്ടവര്‍ക്ക് വീടുവെച്ചുകൊടുക്കുന്ന ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ കോഴ, ബഹിരാകാശ ദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്‌പെയ്‌സ് പാര്‍ക്കിലെ അനധികൃത ഇടപെടല്‍, നയതന്ത്രബന്ധം ദുരുപയോഗിച്ചുള്ള സ്വര്‍ണക്കടത്ത്, ഹവാലയും റിവേഴ്‌സ് ഹവാലയും തുടങ്ങിയവയെല്ലാം ബി.ജെ.പി-സി.പി.എം അവിശുദ്ധ ബാന്ധവത്തിലൂടെ തേച്ചുമായ്ച്ചു കളയാന്‍ നടത്തിയ ശ്രമങ്ങള്‍ ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് ആനയെ ഐ ഫോണ്‍കൊണ്ട് കുത്തിനോവിച്ചത്.
പുതിയ വെളിപ്പെടലുകളില്‍ എം ശിവശങ്കറിനെ വിശ്വസിക്കണമോ സ്വപ്‌ന സുരേഷിനെ മുഖവിലക്കെടുക്കണോ എന്ന ചോദ്യം സ്വാഭാവികമാണ്. വെറും അസംബന്ധം എന്നു ആദ്യ വാര്‍ത്തയോട് പൊട്ടിത്തെറിച്ച മുഖ്യമന്ത്രി മാസങ്ങള്‍ക്ക്‌ശേഷം എല്ലാം അറിയുന്നവന്‍ ശിവശങ്കരനെന്നാണ് കൈകഴുകിയത്. ശിവശങ്കരന്‍ അശ്വത്ഥാത്മാവിലൂടെ ജീവന്‍ നല്‍കി പറഞ്ഞതാവട്ടെ എല്ലാം സ്വപ്‌നക്കാണ് അറിയുക, താന്‍ ബലിയാടാക്കപ്പെട്ടുവെന്നും. ‘അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടെപ്പട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.’ പുസ്തകത്തിന് പ്രസാധകരായ ഡി. സി ബുക്‌സ് നല്‍കിയ പരസ്യവാചകങ്ങള്‍ കോടതി വിധി പോലും കാക്കാതെ വിധി പ്രസ്താവിക്കുന്നതായിരുന്നു.
ആനയെ കണ്ട് ആട് ഓടുന്നതിന് കുറ്റം പറയാന്‍ കഴിയില്ലല്ലോ. എന്നാല്‍, എല്ലാം അറിയുന്ന സ്വപ്‌ന രംഗത്തുവന്നപ്പോള്‍ ആ വാക്കുകള്‍ക്ക് ലൈവായി സത്യസാക്ഷ്യം നല്‍കി എത്തിയതാവട്ടെ അന്നത്തെ കേന്ദ്ര ബിന്ദുവായൊരു മന്ത്രിയാണ്: ‘കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ. പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും’ എന്ന കെ.ടി ജലീലിന്റെ ആഹ്ലാദം കറുത്ത ഫലിതമാണ്. ജലീല്‍ എല്ലാം കോണ്‍സുല്‍ ജനറലുമായാണ് സംസാരിച്ചതെന്ന സ്വപ്‌നയുടെ ഭാരം ഇറക്കല്‍ ജലീലിന് വീണ്ടും കുരുക്കാവുകയാണ് ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുറിച്ചോ ഒന്നും വെളിപ്പെടുത്തില്ലെന്ന് ആണയിടുന്ന സ്വപ്‌ന പറഞ്ഞതത്രയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അധോലോക പ്രവര്‍ത്തനങ്ങളെ കുറിച്ചും ആ കേസ് തേച്ചു മാച്ചു കളയാന്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായതിനെപറ്റിയുമാണെന്നത് കാണാതിരിക്കാനാവില്ല. എന്‍.ഐ.എ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നും താന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സ്വപ്‌ന പറയുമ്പോള്‍ അതു വെറും ഒരു ഉദ്യോഗസ്ഥന്റെ മാത്രം കഴിവോ ഇടപെടലോ അല്ലെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും സ്വപ്‌ന പുറം ലോകം കാണരുതെന്നും സത്യം വെളിച്ചത്തു വരരുതെന്നും നിശ്ചയിച്ചതാരൊക്കെയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പിണറായി സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ ‘കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന്’ പറയുന്ന ഓഡിയോ ക്ലിപ്പ് ഒരു ചാനലിലൂടെ പുറത്തുവന്നത് അവര്‍ പറയിപ്പിച്ചതാണെന്ന വെളിപ്പെടുത്തല്‍ എത്രമാത്രം ഗൗരവതരമാണ്. ശിവശങ്കര്‍ അടക്കമുള്ള ആളുകള്‍ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചവരില്‍ ശിവശങ്കറും ഉള്‍പ്പെടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചവരിലും ശിവശങ്കറുണ്ടെന്നും സ്വപ്‌ന പറയുമ്പോള്‍ അന്ന് സ്വപ്‌നയെ ആപ്തവാക്യമാക്കിയവര്‍ക്കും ഇപ്പോഴും ശരിവെക്കുന്ന കെ.ടി ജലീലുമാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്വം വന്നുചേരുന്നുണ്ട്. അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരന്‍ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോണ്‍സുലേറ്റില്‍നിന്ന് എന്നോട് മാറാന്‍ പറഞ്ഞതും സ്‌പേസ് പാര്‍ക്കില്‍ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്ന് സ്വപ്‌ന വ്യക്തമാക്കുന്നു. അഥവാ, മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എല്ലാം ചെയ്തതെന്നാണ് സാരം.
ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തത്. എന്റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. വഴിയില്‍ കിടന്ന ഒരുപാട് തേങ്ങകള്‍ താന്‍ ശിവശങ്കര്‍ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. പരിചയപ്പെട്ടതിന്‌ശേഷം ജയിലിലാവുന്നത് വരെയുള്ള ശിവശങ്കറിന്റെ പിറന്നാളുകള്‍ എന്റെ വീട്ടിലാണ് ആഘോഷിച്ചിരുന്നത്. നിരവധി സമ്മാനങ്ങള്‍ കൊടുത്തിട്ടുണ്ട്. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയത്. യു.എ. ഇയില്‍ നിന്ന് ലഭിച്ച 20 കോടിയില്‍ ഒമ്പതു കോടിയോളം കമ്മീഷനായി അടിച്ചുമാറ്റി. കേരളത്തിലെ എല്ലാ ലൈഫ്മിഷന്‍ ഭവനപദ്ധതികളെയും ലക്ഷ്യംവെച്ചിരുന്നുവെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലൈഫ് മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിഞ്ഞില്ലെന്നാണോ ധരിക്കേണ്ടത്.
താന്‍ കോണ്‍സുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റഫറന്‍സുണ്ടായതുമാണ് സ്‌പേസ് പാര്‍ക്കിലെ ജോലി ലഭിക്കാന്‍ കാരണം. ആദ്യം അവിടുത്തെ കരാര്‍ കെ.പി.എം.ജിക്കായിരുന്നു. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഭാഗമാകുന്നതില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് കെ.പി.എം.ജി പറഞ്ഞു. തുടര്‍ന്ന് അവരെ മാറ്റി കരാര്‍ പിഡബ്ല്യുസിക്ക് നല്‍കി. തനിക്ക് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകള്‍ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താന്‍ ഊട്ടിയിലെ കുതിരയായിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശങ്ങള്‍ താന്‍ കണ്ണടച്ച് പാലിക്കുകയായിരുന്നു. രാജ്യത്തിന് അകത്തും പുറത്തും ഔദ്യോഗികമല്ലാതെ എത്രയോ യാത്രകള്‍ നടത്തി. ദുബൈയില്‍ ഒന്നിച്ചു താമസിക്കാമെന്നുവരെ മോഹിപ്പിച്ചു. സ്വപ്‌ന സങ്കടപ്പെടുമ്പോള്‍ കാരണഭൂതരുടെ ഉറക്കം നഷ്ടപ്പെടാതെ തരമില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തീവെട്ടിക്കൊള്ളകളുടെയും മാഫിയാ പ്രവര്‍ത്തനങ്ങളുടെയും മാപ്പുസാക്ഷിയായി പോലും സ്വപ്‌നയെ ഗണിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ഭവന സ്വപ്‌നം തല്ലിക്കെടുത്തിയ ലൈഫ് ഇടപാടില്‍ നിന്ന് പോലും സ്വപ്‌നയെ മുന്നില്‍നിര്‍ത്തി ശിവശങ്കറിനോ അദ്ദേഹത്തെ മറയാക്കി മുഖ്യമന്ത്രിക്കോ രക്ഷപ്പെടാനാവില്ല. മഹാഭാരത ഐതിഹ്യത്തിലെ അസ്ത്രവിദ്യയുടെ കുലപതി ദ്രോണാചാര്യരുടെ പുത്രനായ മഹാബലവാനായ അശ്വത്ഥാമാവിനെ കൂട്ടുപിടിച്ച് യാഥാര്‍ത്ഥ്യത്തെ കുഴിവെട്ടിമൂടാന്‍ ശ്രമിക്കുമ്പോഴാണ് സ്വപ്‌നസമാനമായ മറ്റൊരു കുരുക്ഷേത്രയുദ്ധത്തിന്റെ ശംഖൊലി ഉയരുന്നത്. ദ്രോണരുടെ മകനായ അശ്വത്ഥാത്മാവിനും കൗരവപ്പടയെ രക്ഷിക്കാനായിട്ടില്ലെന്നാണ് അനുബന്ധം. പാണ്ഡവര്‍ വിജയഭേരി മുഴക്കുമ്പോള്‍ കൃഷ്ണശാപമേറ്റ് അശ്വത്ഥാത്മാവ് വനവാസത്തിലേക്ക് പുറപ്പെട്ടിരുന്നു.