X
    Categories: indiaNews

ഗോവ;ചെറിയ സംസ്ഥാനത്തെ വലിയ പോരാട്ടം

പനാജി: കേന്ദ്ര സ്വാധീനത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഭരണം റാഞ്ചിയ ഗോവയില്‍ രണ്ടാമൂഴം തേടിയാണ് ബി.ജെ.പി ഇറങ്ങുന്നത്. 2017ല്‍ 13 സീറ്റുമായി രണ്ടാമതെത്തിയ ബി.ജെ.പി ചെറുകക്ഷികളെ കേന്ദ്ര സ്വാധീനത്തില്‍ ചാക്കിട്ട് പിടിച്ചാണ് ഭരണം സ്വന്തമാക്കിയത്. അടുത്ത മാസം 14ന് ഒറ്റഘട്ടമായാണ് ഗോവ പോളിങ് ബൂത്തിലെത്തുക.

ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഇത്തവണ കാടിളക്കി പ്രചാരണവുമായി ഗോവയില്‍ രംഗത്തുണ്ട്. ഇരു പാര്‍ട്ടികളും പിടിക്കുന്ന വോട്ടുകളായിരിക്കും ഇത്തവണ ഭരണം തീരുമാനിക്കുക. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും മുന്‍ നേതാക്കളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി ഒരു മുഴം മുമ്പേ ഇറങ്ങിയിട്ടുണ്ട്. അതേ സമയം പ്രതിപക്ഷത്തെ വലിയ സഖ്യസാധ്യത തേടിയാണ് തൃണമൂല്‍ ഗോവയില്‍ അരങ്ങേറ്റത്തിനിറങ്ങുന്നത്. എന്നാല്‍ ടി.എം.സിയില്‍ നിന്നും മൂന്ന് മാസത്തിനിടെ പ്രധാന നേതാക്കള്‍ രാജിവെച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പാര്‍ട്ടി ടിക്കറ്റിനായുള്ള അടിയാണ് ഗോവയില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് ഏറ്റവും വലിയ തലവേദന. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായികിന്റെ മകന്‍ സിദ്ദേശ് ശ്രീപദ് നായിക് തുടങ്ങിയ മക്കള്‍പട ടിക്കറ്റിനായി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം തന്നെയാണ് കോണ്‍ഗ്രസിനും ഗോവയില്‍ വെല്ലുവിളി. എന്നാല്‍ കഴിഞ്ഞ തവണ പടിവാതിലില്‍ ഭരണം നഷ്ടമായ സംസ്ഥാനത്ത് വെല്ലുവിളികളെ അതിജീവിച്ച് തിരിച്ചെത്താനാവുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

നിലവിലെ കക്ഷി നില
ആകെ സീറ്റുകള്‍ 40
കോണ്‍ഗ്രസ് 17
ബി.ജെ.പി 13
എം.എ.ജി 3
എന്‍.സി.പി 1
മറ്റുള്ളവര്‍ 6

 

Test User: