സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര നായകരെയും പോരാളികളെയും ഒഴിവാക്കാനുള്ള ഐസിഎച്ചാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ലോകസഭയുടെ ശൂന്യവേളയില്‍ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആധാരശില ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലാണ്. അത് ജനങ്ങള്‍ക്ക് ആവേശഭരിതവും ഐക്യത്തിന്റെ മൂലകാരണവുമാകണം. സ്വാതന്ത്ര്യ സമരസേനാനികള്‍ ആദരിക്കപ്പെടേണ്ടവരാണെന്നും അവരെ നിന്ദിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
മലബാര്‍ സമരം കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ്. വാഗണ്‍ ട്രാജഡിയാകട്ടെ ജാലിയന്‍വാലാബാഗ് പോലെ ബ്രിട്ടീഷ് ക്രൂരതയുടെ ഏറ്റവും ഹീനമായ അധ്യായമാണ്. ഈ സമരക്കാരെയും രക്തസാക്ഷികളെയും പക്ഷെ ഐസിഎച്ആര്‍ നിന്ദിച്ചിരിക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് മാപ്പെഴുതിക്കൊടുക്കാന്‍ എളുപ്പമായിരിക്കും. പക്ഷെ പിറന്ന നാടിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ ധൈര്യവും ആത്മാര്‍ത്ഥതയും വേണം. മലബാര്‍ സമരക്കാര്‍ക്ക് അതുണ്ടായിരുന്നെന്ന് ടിഎന്‍ പ്രതാപന്‍ ഓര്‍മപ്പെടുത്തി.
രാജ്യത്തിന്റെ ചരിത്രം വികലമാകുന്നത് നമ്മുടെ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല. ഐസിഎച്ആറിന്റെ ഉത്തരവാദിത്തമെന്താണെന്ന് അവരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഈ നാടിന്റെ ചരിത്രവും പാരമ്പര്യവും രാഷ്ട്രീയ ദുരുദ്ദേശങ്ങളില്ലാതെ ആഘോഷിക്കാനും പ്രചരിപ്പിക്കാനുമാണ് ചരിത്ര കൗണ്‍സില്‍ തയാറാവേണ്ടതെന്നും ടിഎന്‍ പ്രതാപന്‍ എംപി ലോകസഭയില്‍ പറഞ്ഞു.