X

വിടപറഞ്ഞത് ഖത്തറുമായി ആത്മബന്ധത്തിന് കാരണക്കാരനായ യു.എ.ഇ രാഷ്ട്രനേതാവ്

അശ്‌റഫ് തൂണേരി

ദോഹ: വര്‍ഷങ്ങള്‍ പഴക്കമുള്ള നയതന്ത്ര ബന്ധം നിലവിലുണ്ടെങ്കിലും ഖത്തറും യു.എ.ഇയും സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കാരണക്കാരനായ ഭരണാധികാരിയായിരുന്നു വിടപറഞ്ഞ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍. 2008ലെ അദ്ദേഹത്തിന്റെ ഖത്തര്‍ സന്ദര്‍ശനമാണ് ഏറെകാലങ്ങള്‍ക്ക് ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് പുത്തനുണര്‍വ്വാണുണ്ടാക്കിയത്. അന്നത്തെ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുമായി ചേര്‍ന്നുണ്ടാക്കിയ ധാരണപ്രകാരമാണ് സംയുക്ത നിക്ഷേപ ഫണ്ട് എന്ന സംവിധാനം നിലവില്‍ വന്നത്. പിന്നീട് ഊര്‍ജ്ജ മേഖലയിലും വ്യാപാര വാണിജ്യ രംഗങ്ങളിലും ഇരു രാഷ്ട്രങ്ങളും വിനിമയം ശക്തമാക്കി. അബൂദബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ര്‍നാഷണല്‍ പെട്രോളിയം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ഐ.പി.ഐ.സി)യും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി (ക്യു.ഐ.എ)യുമാണ് എണ്ണ മേഖലക്ക് പുറമെ പെട്രോകെമിക്കല്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളില്‍ ഒരുമിച്ചുള്ള നിക്ഷേപത്തിന് അടിത്തറ പാകിയത്.

മധ്യപൂര്‍വ്വേഷ്യക്കു പുറമെ ഏഷ്യയും ആഫ്രിക്കയും യൂറോപ്പുമെല്ലാം ഇവരുടെ പദ്ധതികളിലുള്‍പ്പെടുത്തിയിരുന്നുവെന്നത് ഏറെ ശ്രദ്ധേയമായി വിലയിരുത്തപ്പെട്ടിരുന്നു. തൊണ്ണൂറുകളുടെ അവസാനം ധാരണയിലെത്തിയ ഡോള്‍ഫിന്‍ വാതക പദ്ധതിയുള്‍പ്പെടെ നേരത്തെ തന്നെ ഊര്‍ജ്ജമേഖലയില്‍ ഇരു രാഷ്ട്രങ്ങളും ഒമാനും സഹകരിച്ചിരുന്നു. ശക്തമായ പിന്തുണയും സഹകരണവും നല്‍കുന്ന സഹോദര രാജ്യമായ ഖത്തറിനുള്ള ആദരമായി 2013ല്‍ ശൈഖ് സായിദ് പുരസ്‌കാരവും യു.എ.ഇ ഖത്തറിനു കൈമാറിയിരുന്നു.

ഗള്‍ഫ് സഹകരണ രാഷ്ട്രങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അല്‍ഐനിലെ അല്‍റൗദ പാലസില്‍ വെച്ച് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ തന്നെയാണ് പുരസ്‌കാരം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ഗള്‍ഫ് ഉപരോധം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തെ പോറലേല്‍പ്പിച്ചതില്‍ ഏറെ വേദനയുള്ള നേതാവ് കൂടിയായിരുന്നു ശൈഖ് ഖലീഫ് ബിന്‍ സായിദെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഖത്തറുമായി യു.എ.ഇയുടെ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും 1960 മുതല്‍ 1972 വരെ ഖത്തര്‍ ഭരണാധികാരിയായിരുന്ന ശൈഖ് അഹ്മദ് ബിന്‍ അലി അല്‍താനിയുടെ കാലത്ത് പുതിയ മാനങ്ങള്‍ കൈവരികയുണ്ടായി. ശൈഖ് അലിയുടെ കാലയളവിലാണ് ഖത്തര്‍ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമായി മാറിയത്. 1966 മാര്‍ച്ച് 21ന് ഖത്തറും ദുബൈയും തമ്മില്‍ സംയുക്ത നാണയ കരാറിലേര്‍പ്പെട്ടത് അക്കാലത്ത് ഗള്‍ഫ് മേഖലയിലെ ധന വിനിമയ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു. ഇതിനായി ഖത്തര്‍ദുബൈ കറന്‍സി ബോര്‍ഡും രൂപീകരിക്കപ്പെട്ടു. ഇതോടെ ഖത്തര്‍ദുബൈ റിയാല്‍ (ക്യു.ഡി.എസ്) നിലവില്‍ വന്നു. എഴുപതുകളുടെ ആദ്യം വരെ അത് നിലനിന്നിരുന്നു. ശൈഖ് അഹ്മദ് ബിന്‍ അലിയുടെ രണ്ടാം ഭാര്യ യു.എ.ഇയിലെ രാജകുടുബാംഗമായ മര്‍യം ബിന്‍ത് റാഷിദ് അല്‍മക്തൂം ആയിരുന്നുവെന്നതും ബന്ധത്തിന് കൂടുതല്‍ ഊഷ്മളതയുണ്ടാവാന്‍ കാരണമായി.

ശൈഖ് ഖലീഫ ബിന്‍ സായിദ് ജ്ഞാനിയും വിവേകിയുമായ വലിയൊരു നേതാവായിരുന്നുവെന്നും രാജ്യത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു. യു.എ.ഇക്കും അറബ് ഇസ്ലാമിക രാജ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടം വലുതാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും അറബ് സഹോദരങ്ങള്‍ക്കുമുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമീരി ദിവാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിശദീകരിച്ചു.

Test User: