കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദീഖിന്റെ മ്യതദേഹം ഇന്ന് രാവിലെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 9 മുതല്‍ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും.
ഇന്നലെ രാത്രി 9.15.ഓടെയായിരുന്നു മലയാളികളെ ചിരിപ്പിച്ച ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ സിദ്ദീഖ് (69) അന്തരിച്ചത്. അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം കഴിഞ്ഞമാസം 10 മുതല്‍ ആശുപത്രിയില്‍ ചികിത്സിയാലിരുന്ന സിദ്ദീഖിന് തിങ്കളാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് എക്‌മോ സപ്പോര്‍ട്ടിലായിരുന്നു.
കൊച്ചിയില്‍ ഇസ്മയില്‍ ഹാജി-സൈനബ ദമ്പതികളുടെ മകനായി 1954 ആഗസ്ത് ഒന്നിനാണ് സിദ്ദീഖ് ജനിച്ചത്. സജിദയാണ് ഭാര്യ. മക്കള്‍: സുമയ്യ, സാറ, സുകൂന്‍. മരുമക്കള്‍: നബീല്‍, ഷെഫ്‌സിന്‍. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, അന്‍വര്‍, സക്കീര്‍, സാലി, ഫാത്തിമ, ജാസ്മിന്‍, റഹ്മത്ത്.
സിദ്ദീഖിന്റെ പിതാവ് ഇസ്മയില്‍ ഹാജി ജില്ലയിലെ സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. സിദ്ദീഖും വിദ്യാര്‍ത്ഥി കാലത്ത് എം.എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു.മിമിക്രി രംഗത്ത് നിന്നാണ് സീദ്ദിഖ് സിനിമയിലെത്തിയത്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായി സംവിധാന രംഗത്തെത്തി. കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചിരുന്ന കാലത്ത് ഫാസിലുമായി പരിചയപ്പെട്ട സിദ്ദീഖ് പിന്നീട് അദ്ദേഹത്തിന്റെ സംവിധായ സഹായിയായി ചേരുകയുമായിരുന്നു. നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദീഖ്-ലാല്‍ എന്ന പേരില്‍ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. ചിത്രം വിന്‍ വിജയമായിരുന്നു. തുടര്‍ന്ന് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളും വിജയമായതോടെ ഇവര്‍ തൊണ്ണൂറുകളിലെ ഹിറ്റ് മേക്കേഴ്‌സ് ആയി. നാടോടിക്കാറ്റ്, മക്കള്‍ മഹാത്മ്യം എന്നീ ചിത്രങ്ങളുടെ കഥ സിദ്ദീഖ്-ലാലുമാരുടേതാണ്.
ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സിദ്ദീഖിന്റെ മിക്ക സിനിമകളും. ഇതിനിടെ ലാലുമായി വേര്‍പിരിഞ്ഞ ശേഷം 13 ഓളം മലയാള സിനിമകള്‍ ഒറ്റക്ക് സംവിധാനം ചെയ്തു. ഇതില്‍ ഏതാനും ചിത്രങ്ങള്‍ നിര്‍മിച്ചത് ലാല്‍ ആയിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളും സിദ്ദിഖ് സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഹല്‍ചല്‍ എന്ന ഹിന്ദിചിത്രത്തിനായി കഥയും രചിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ബോഡിഗാര്‍ഡ് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തു. സിദ്ദീഖ് തന്നെ സംവിധാനം നിര്‍വഹിച്ച ഈ ചിത്രങ്ങളും തമിഴ്‌നാട്ടിലും ബോളിവുഡിലും വന്‍ഹിറ്റ് ആയിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് അവസാനം സംവിധാനം ചെയ്ത സിനിമ.