ടി.എം. ഹമീദ് പത്തനംതിട്ട
കെ റെയില്‍ സില്‍വര്‍ ലൈന്‍ പാത പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയായ അടൂര്‍ താലൂക്കിലെ പള്ളിക്കല്‍,കടമ്പനാട്,പന്തളം വഴി ആലപ്പുഴ ജില്ലയിലെ മുളക്കുഴയില്‍ പ്രവേശിക്കും. ഇവിടെയാണ് സ്റ്റോപ്പ്. തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ കടന്ന് കോയിപ്രം ഇരവിപേരൂര്‍ ,കല്ലൂപ്പാറ,കവിയൂര്‍,കുന്നന്താനം വഴി കോട്ടയം ജില്ലയിലെ മാടപ്പള്ളില്‍ പ്രവേശിക്കും. പത്തനംതിട്ട ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലൂടെ കെ റെയില്‍ കടന്നു പോകും. പത്തനംതിട്ട ജില്ലയില്‍ സ്റ്റോപ്പില്ല. ആലപ്പുഴ ജില്ലയിലെ ഒരു കോണില്‍ പ്രവേശിക്കുന്ന മുളക്കുഴയിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ജില്ലയിലെ അലൈമെന്റ് തന്നെ ശരിയല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വളരെ ജനസാന്ദ്രതയുള്ള മേഖലകളിലൂടെയാണ് പത്തനംതിട്ടയില്‍ കെ റെയില്‍ കടന്നുപേകുന്നത്.നിരവധി കുടുംബങ്ങളെ കുടിയിറക്കേണ്ടി വരും. പതിനഞ്ചിലധികം ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരും. കല്ലൂപ്പാറ ,കവിയൂര്‍ മേഖലകളില്‍ പാടങ്ങളിലൂടെ ലൈന്‍ കടന്നുപോകും. കുടിയിറക്കപ്പെടുന്നവരുടെയും സമീപത്തുള്ള കുടുംബങ്ങളുടെയും വ്യക്തികളുടെയും ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധിക്കുന്നില്ല. കണ്ണീരുമായി കഴിയുകയാണ് കുടുംബങ്ങള്‍. കൃഷിയിടങ്ങള്‍ ഇല്ലാതാകുന്നതോടെ തങ്ങളുടെ ജീവിതമാര്‍ഗത്തിന് എവിടെപ്പാകുമെന്ന നിലവിളിയിലാണ് കര്‍ഷകര്‍.
പത്തനംതിട്ട ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ആറാട്ടുപുഴി,കോയിപ്രം,ഇരവിപേരൂര്‍,കല്ലൂപ്പാറ എന്നീ പ്രദേശങ്ങളിലെ പാടങ്ങളിലൂടെയും തണ്ണീര്‍ത്തടങ്ങളിലൂടെയുമാണ് സില്‍വര്‍ ലൈന്‍ പാത എണ്‍പതു ശതമാനവും നിശ്ചയിച്ചിട്ടുള്ളത്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടു പ്രകാരം ഈ മേഖലയില്‍ 9.5 മീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. ദേശിയ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ തീവ്രമഴ വര്‍ധിക്കുമെന്നും സംയുക്തദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇതൊന്നും കാണാതെ മുന്നോട്ട് പോകാനാവില്ല.
വിനാശകരമായ പദ്ധതി: ജോസഫ്. എം. പുതുശ്ശേരി
കേരളത്തെ കടക്കെണിയിലാക്കുന്നതും സാധാരണക്കാരന് പ്രയോജനം ചെയ്യാത്തതും, പരിസ്ഥിതി വിനാശകരവുമായ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ റെയില്‍ വിരുദ്ധ സമര ജില്ലാ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി എക്‌സ് എം എല്‍ എ. പദ്ധതിക്ക് സാധ്യതാപഠനമോ, പരിസ്ഥിതി ആഘാത പഠനമോ, സാമൂഹിക ആഘാത പഠനമോ, ഡിപിആര്‍ എന്നിവയൊന്നുമില്ലാതെ, സ്വന്തം മുന്നണിയില്‍പോലും ചര്‍ച്ചചെയ്യാതെ നടപ്പാക്കുവാന്‍ ശ്രമിക്കുന്നു എന്നതു തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. ഏതു സമയവും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകുന്ന കേരളത്തില്‍ പരിസ്ഥിതി വിനാശകരമായരീതിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഇതിന് അനുകൂലമായി സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ്. പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കുന്ന ഇരുപതിനായിരം കുടുംബങ്ങള്‍ മാത്രമല്ല ഈ പദ്ധതിമൂലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്ന മുഴുവന്‍ കുടുംബങ്ങളേയും ഇരകളാക്കിത്തീര്‍ക്കുന്ന പദ്ധതികൂടിയാണ് കെ-റെയില്‍ . സ്ഥലം ഏറ്റെടുക്കല്‍ തന്നെ ആയിരക്കണക്കിന് കുടംബങ്ങളെ കുടിയോഴിപ്പിക്കേണ്ടി വരും. വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. സര്‍വ്വേ നടപടികള്‍ക്കും ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടന്നാല്‍ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടാകും. ഒരിക്കലും നാടിനെയും നാടിന്റെ സമ്പത്തും നശിപ്പിക്കുന്നതിന് ആരും കൂട്ടു നില്‍ക്കില്ല.യാഥാര്‍ത്ഥ്യബോധത്തോട സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ജനദ്രോഹ നടപടികളെയാണ് എതിര്‍ക്കുന്നത്.
നല്ലരീതിയില്‍ പ്രായോഗികമായ വികസന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അതിനെ അനുകൂലിക്കാന്‍ തയ്യാറാണ്. ഇവിടെ പ്രായോഗികതയിലേക്ക് സര്‍ക്കാര്‍ വരണം. റോഡുകള്‍ നന്നാക്കാനുള്ള പണമില്ലാതെ കോടതിയുടെ പോലും വിമര്‍ശനങ്ങള്‍ കേള്‍ക്കുകയാണ്.കോവിഡ് സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കര്‍ഷകരും പാവപ്പെട്ട മുഴുവന്‍ പേരും ബുദ്ധിമുട്ടുകയാണ്.ജനങ്ങള്‍ക്ക് ഉപദ്രവമില്ലാത്തതും സംസ്ഥാന സര്‍ക്കാരിന് ഗുണമുള്ളതുമായ ബദല്‍ നിര്‍ദ്ദേശങ്ങള്‍ യു ഡി എഫ് മുന്നോട്ടു വെച്ചിട്ടുണ്ട് . അതു പരിശോധിക്കാനും പരിഗണിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.