യു.പിയില്‍ നിന്ന്
കെ.പി ജലീല്‍
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ സമരം നടത്തിയ കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ പുത്രന്‍ കാറോടിച്ച് കയറ്റി എട്ടു പേരുടെ മരണത്തിനിടയാക്കിയ ലഖിംപൂര്‍ ഖേരിയില്‍ ആറുമാസത്തിന് ശേഷവും ജന രോഷം അടങ്ങിയിട്ടില്ല.
ഫെബ്രുവരി ഏഴിന് സംഭവത്തിലെ മുഖ്യപ്രതി ആശിഷ് മിശ്ര ക്ക് കോടതി ജാമ്യം നല്‍കിയത് കര്‍ഷകരിലും ഇതര വിഭാഗങ്ങളിലും വലിയ രോഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലഖിംപൂരില്‍ കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തമായി. ലഖിംപൂര്‍ ഖേരി ജില്ലയിലെ തിക്കുനിയയില്‍ കൂട്ടക്കൊല നടന്ന സ്ഥലം ഇന്ന് ശോകമൂകമാണ്.
ഇവിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രക്കും മറ്റുമെതിരെ കര്‍ഷകര്‍ വഴി തടഞ്ഞതാണ് മന്ത്രിപുത്രനെ പ്രകോപിപ്പിച്ചത്. ഇതേക്കുറിച്ച് പലരും ആദ്യം പ്രതികരിക്കാന്‍ പോലും കൂട്ടാക്കിയില്ല. വളരെ നിര്‍ബന്ധിച്ച ശേഷം കര്‍ഷകരിലൊരാള്‍ പറഞ്ഞത്, അതിന് ഈ തെരഞ്ഞെടുപ്പില്‍ മോദി അനുഭവിക്കുമെന്നാണ്. അജയ്മിശ്രയെയും പുത്രനെയും ആദ്യം മുതല്‍ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയും ബി. ജെ.പിയും സ്വീകരിച്ചത്. ആശിഷ് മിശ്രക്ക് ജാമ്യം നല്‍കുന്നതിന് പറഞ്ഞ കാരണം ക്ലറിക്കല്‍ തകരാര്‍ ആണെന്നാണ്.
23 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ എട്ടു മണ്ഡലങ്ങളിലും ഇത്തവണ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് എസ്.പി ജില്ലാ പ്രചാരണ വിഭാഗം തലവന്‍ ജി.പി. വര്‍മ ‘ചന്ദ്രിക’ യോട് പറഞ്ഞു. ലഖിം പൂര്‍ നഗരത്തില്‍ സംസാരിച്ചവരില്‍ ഭൂരിപക്ഷം പേരും ബി.ജെ.പിക്കെതിരായാണ് പ്രതികരിച്ചത്. ചിലര്‍ പ്രതികരിക്കാതെ രോഷമടക്കി.
2017ല്‍ ജില്ലയിലെ എട്ടിലും ബി.ജെ.പിയാണ് വിജയിച്ചത്. ഇത്തവണ കര്‍ഷക പ്രതിസന്ധിക്ക് പുറമെ വിലക്കയറ്റവും കൊറോണയിലെ കൂട്ടമരണങ്ങളും ബി.ജെ.പിക്കെതിരാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇനി പൂജ ചെയ്ത് കഴിയാമെന്ന് എസ്.പി പ്രവര്‍ത്തകരിലൊരാള്‍ മന്ദിര്‍ മിശ്ര പരിഹസിച്ചു. അതൊന്നുമല്ല, ഹിന്ദുത്വം തന്നെയാകും വിധി നിര്‍ണയിക്കുകയെന്നാണ് ജില്ലയിലെ മുഹമ്മദി സ്വദേശി പുനീത് അഗര്‍വാള്‍ പറഞ്ഞത്. ജനങ്ങള്‍ക്ക് മുമ്പത്തേതിലും ആത്മ വിശ്വാസം കിട്ടിയിട്ടുണ്ടെന്നാണ് 60കാരനായ പുനീതിന്റെ പക്ഷം.
യുവാവായ രജീന്ദ്രകുമാര്‍ പറഞ്ഞത് മോദി പാര്‍ട്ടി ജയിക്കുമെങ്കിലും താന്‍ അവര്‍ക്ക് വോട്ടു ചെയ്യില്ലെന്നാണ്. 4 കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനും ബാലനു മുള്‍പ്പെടെ എട്ടുപേരാണ് 2021 ഒക്‌ടോബര്‍ മൂന്നിന് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ ചരിത്രത്തില്‍ 3 നിയമങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കാന്‍ കാരണമായ പ്രധാന സംഭവമായിരുന്നു അത്. ബി. ജെ.പിയുടെ ഭരണത്തിന്റെ കൂടി അന്ത്യത്തിനത് നാന്ദിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.