കണ്ണൂരില്‍ കെ റെയില്‍ പദ്ധതിയുടെ വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പോലീസ് നോക്കിനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്. റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, വിനേഷ് ചുള്ളിയാന്‍, പ്രിനില്‍ മതുക്കോത്ത്, യഹിയ, ജെറിന്‍ ആന്റണി തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. മന്ത്രി എംവി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയത്.
പൗരപ്രമുഖരുടെ പാര്‍ട്ടി ജനാധിപത്യ പ്രതിഷേധങ്ങളെ ഗുണ്ടാപ്രമുഖരെ ഉപയോഗിച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സംഭവത്തില്‍ പ്രതികരണം നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ള ‘ഗുണ്ടാ പ്രമുഖര്‍’ പൊലീസ് നോക്കി നില്‍ക്കെ നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കില്‍, ഈ വണ്ടി അധികം ദൂരം ഓടില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.
അതേസമയം, സമരക്കാരെ തല്ലുന്ന സഖാക്കളും സംഘപരിവാറുകാരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവത്തില്‍ പ്രതികരിച്ചു.
ഗുണ്ടകളെ മുന്‍നിര്‍ത്തി കെറെയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ഇനിയും ജനരോഷം ഉണരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥ് ഓര്‍മപ്പെടുത്തി.
ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ കെ-ഭൂതത്തിന്റെ ഭൂതഗണങ്ങള്‍ കയ്യൂക്ക് കാട്ടി ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍ അതിനെങ്ങനെ മറുപടി പറയണമെന്ന് കോണ്‍ഗ്രസിനും അറിയാമെന്നത് മറക്കണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം പ്രതികരിച്ചു. പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കി നരനായാട്ട് നടത്തി കെ റെയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍, കാലമൊന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ലെന്ന് ഓര്‍ക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.