വി.എം. സുധീരന്
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍നീക്കം അങ്ങേയറ്റം ആപല്‍ക്കരവും ഇപ്പോള്‍ത്തന്നെ നേരിടുന്ന ലഹരിവിപത്തിന്റെ കനത്ത ആഘാതവ്യാപ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതുമാണ്. അതുകൊണ്ട് പുതിയതായി 267 മദ്യശാലകള്‍ അനുവദിക്കാനുള്ള ജനദ്രോഹപരമായ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നഭ്യര്‍ത്ഥിക്കുന്നു.
2016-ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചിരിക്കയാണ്. തുടര്‍ന്നും ബാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് അതിന്റെയൊക്കെ വിശദവിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബെവ്കോയുടെ 270, കണ്‍സ്യൂമര്‍ഫെഡിന്റെ 36, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍, നാലായിരത്തിലധികം കള്ളുഷാപ്പുകള്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നതിനു പുറമെയാണ് ഇത്രയേറെ ബാറുകള്‍ അനുവദിച്ചിട്ടുള്ളത്. ഇതിനിടയില്‍ ഹൈക്കോടതി വിധിയുടെ പേരുപറഞ്ഞ് 175 മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്തമായ നിര്‍ദ്ദേശങ്ങളൊന്നും തന്റെ വിധിയില്‍ ഇല്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്‍തന്നെ വ്യക്തമാക്കിയതോടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ട ആ നീക്കങ്ങള്‍ വീണ്ടും സജീവമായിരിക്കയാണ്.
ഇതൊന്നും പോരാഞ്ഞിട്ട് ഐ.ടി മേഖലയില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനും കരുക്കള്‍ നീക്കിവരികയാണ്. സര്‍ക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തസത്തയ്ക്കു വിരുദ്ധമാണ്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുടെ നാല്‍പ്പത്തിയേഴാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനവുമാണ്. മദ്യക്കച്ചവടവും മദ്യ ഉപയോഗവും മൗലികാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ് സര്‍ക്കാര്‍ നടപടികള്‍.
ഇതിനെല്ലാം പുറമെ ഇടതു മുന്നണി 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനത്തെ തകിടംമറിക്കുന്നതുമാണ്. മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് (ഏപ്രില്‍-മെയ്, 2020) തെളിയിക്കപ്പെട്ടതാണ്. ആ 64 ദിവസം അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് മദ്യനിരോധനമായിരുന്നുവല്ലോ. ആ ഇടവേളയില്‍ മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല. ലോക്ക്ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ വന്ന ഗണ്യമായ കുറവ് പോലീസിന്റെ സ്റ്റേറ്റ് ക്രൈംറെക്കോര്‍ഡ്സ് ബ്യുറോതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
മദ്യം ഇല്ലാതായാല്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഉപയോഗിച്ചിരുന്നവര്‍ക്ക് അതില്ലാതായാല്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാകും എന്നിങ്ങനെ മദ്യവ്യാപന നയത്തിനാധാരമായി നേരത്തേമുതല്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വാദഗതികളും പ്രചരണങ്ങളും തീര്‍ത്തും അസ്ഥാനത്താണെന്ന് ലോക്ക്ഡൗണ്‍കാലത്ത് തെളിയിക്കപ്പെട്ടു. മയക്കുമരുന്നു കേസുകള്‍ 2020 വര്‍ഷത്തിലെ മാസശരാശരി 305.5 ആയിരുന്നുവെങ്കില്‍ ലോക്ക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്.
യഥാര്‍ത്ഥത്തില്‍ മദ്യവ്യാപനം വന്‍തോതിലുണ്ടായപ്പോഴാണ് മയക്കുമരുന്നു വ്യാപനവും വര്‍ദ്ധിച്ചതെന്ന യാഥാര്‍ത്ഥ്യം പകല്‍പോലെ വ്യക്തമാണ്. മദ്യശാലകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ മയക്കുമരുന്നിന്റെ കടന്നുകയറ്റവും ഇടപാടുകളും വന്‍തോതിലായ സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിയിരിക്കയാണ്. എന്നാല്‍ ഇതെല്ലാം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്ന സര്‍ക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ നാടിനെ തകര്‍ച്ചയിലേക്കെത്തിക്കുന്ന നയങ്ങളും നടപടികളുമായി മുന്നോട്ടുപോകുന്ന ദുസ്ഥിതിയാണുള്ളത്. ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ ദോഷാനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിച്ച മന്ത്രിസഭയെന്ന നിലയിലായിരിക്കും പിണറായി മന്ത്രിസഭയെ ചരിത്രം രേഖപ്പെടുത്തുകയെന്ന് ബഹു.മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.