വേഷം മനുഷ്യന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. പുരാതന കാലത്ത് നാണം മറയ്ക്കാനാണ് വസ്ത്രം ധരിച്ചതെങ്കില്‍ ക്രമേണ അത് വിശ്വാസത്തിന്റെയും കുടുംബത്തിന്റെയും പദവിയുടെയും കുലീനതയുടെയും ആഢ്യത്വത്തിന്റെയുമെല്ലാം സൂചകമായിമാറി. കാലമേറെ ചെന്നിട്ടും ലോകത്തെ മനുഷ്യര്‍ക്കിടയില്‍ ഇന്നും ഏകരൂപത്തിലുള്ള വസ്ത്രധാരണരീതിയല്ല ഉള്ളത്. മാറുമറയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന ചാന്നാര്‍ ലഹളയുടെ 200-ാം വാര്‍ഷികമാണിത്. അര്‍ധനഗ്നനായ ഗാന്ധിജിയെ മഹാത്മാവാക്കിയ നാട്. മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചത്. പക്ഷേ ഇതിനെയെല്ലാം തമസ്‌കരിച്ചുകൊണ്ട് ഒരു നാടിന്റെയോ ഏതാനും ചിലര്‍ അടിച്ചേല്‍പിക്കുന്നതോ ആയ വസ്്ത്രധാരണരീതി അനുസരിക്കുകയും അവലംബിക്കുകയും ചെയ്യണമെന്ന് പറയുന്നതിനെ ശുദ്ധ താന്തോന്നിത്തമെന്നേ പറയാനാകൂ. ജനുവരിയില്‍ കര്‍ണാടകയിലെ ഉഡുപ്പി ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ യൂണിഫോം വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലൊട്ടാകെ ഇത്തരത്തിലൊരു ചര്‍ച്ചക്ക് വഴിവെച്ചത്. ഹിജാബ് അഥവാ ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടികളെ ക്ലാസിലിരിക്കാന്‍ അനുവദിക്കാത്തതായിരുന്നു തുടക്കം. അതേ നിറത്തിലുള്ള ഹിജാബ് ധരിച്ചാല്‍ പോലും അനുവദിക്കില്ലെന്നായി. അതിന്റെ ഭാഗമായി ഇന്നലെ കര്‍ണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിശാല ബെഞ്ച് പുറപ്പെടുവിച്ച വിധി നിരാശാജനകവും രാജ്യത്തിന്റെ സാകല്യതയെയും മതവിശ്വാസികളുടെ പ്രമാണങ്ങളെയും ഭരണഘടനാവകാശങ്ങളെയും തിരസ്‌കരിക്കുന്നതുമായിരിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഉഡുപ്പി പി.യു കോളജിലെ ആറ് വിദ്യാര്‍ത്ഥിനികളും മറ്റൊരു വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് സമര്‍പ്പിച്ചതുള്‍പ്പെടെ വിവിധ ഹരജികള്‍ പരിഗണിച്ചതില്‍, ഹിജാബ് ധരിച്ച് മേലാല്‍ ക്ലാസില്‍ പ്രവേശിക്കാനാകില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഹിജാബ് ഇസ്്‌ലാമിക വസ്ത്രമല്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവ് ഭരണഘടന അനുവദിക്കുന്ന ‘അനുവദനീയമായ നിയന്ത്രണ’ത്തിന്റെ ഭാഗമാണെന്നും കോടതിയുടെ വിശാലബെഞ്ച് കണ്ടെത്തിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിനും മതവിശ്വാസം കൊണ്ടുനടക്കാനുമുള്ള അവകാശമാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ വാദിച്ചതെങ്കില്‍, യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്ന 1983ലെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥ കോടതി അനുവദിക്കുകയും ഹര്‍ജികള്‍ തള്ളുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14 എല്ലാപൗരന്മാരും നിയമത്തിനുമുന്നില്‍ തുല്യരാണെന്ന് അനുശാസിക്കുമ്പോള്‍തന്നെ 25-ാം വകുപ്പനുസരിച്ച് ഓരോ പൗരനും അവന്റെ/അവളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അനുവാദമുണ്ട്. ഇവിടെ രണ്ടാമത് പറയുന്നതാണ ്‌നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. ഈ വിധി ഇന്ത്യയില്‍ സംഘ്പരിവാരം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള മുസ്്‌ലിം വിരുദ്ധവും ഹിജാബ് വിരുദ്ധവുമായ കുപ്രചാരണങ്ങള്‍ക്ക് വളം വെക്കുന്നതിനോടൊപ്പം അവര്‍ക്ക് മുസ്്‌ലിംകളാദി ഇതരമതവിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളില്‍ കൈകടത്താനുള്ള അവസരവുമാണ് ഒരുക്കിക്കൊടുക്കപ്പെട്ടിരിക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കാനനുവദിക്കാതെ കലാപത്തിനൊരുമ്പെട്ടവര്‍തന്നെയാണ് മറ്റൊരു മതത്തിന്റെ വിശ്വാസത്തിനുമേല്‍ ഇപ്പോള്‍ കുതിരകയറിയിരിക്കുന്നതും കോടതിവിധിയില്‍ ആഹ്ലാദിക്കുന്നതുമെന്നത് വിചിത്രമായിരിക്കുന്നു. ശബരിമല കേസിലെ വിധി ഇപ്പോഴും അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞിട്ടില്ലെന്നിടത്താണ് ഹിജാബ് വിധി പാഠമാകുന്നത്. കര്‍ണാടക ഹൈക്കോടതിയുടെ വിധിയിന്മേല്‍ അപ്പീല്‍പോകുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചിട്ടുണ്ട്. വിധിയിലെ സംശയങ്ങളിലൊന്ന് കാവി ഷാള്‍ ധരിച്ച് ക്ലാസില്‍ പ്രവേശിക്കാമെന്നോ എന്നതാണ്. മുമ്പ് ഷാബാനുകേസിലും സമാനമായ വിധിയാണ് ഇന്ത്യയുടെ ഉന്നത നീതിപീഠത്തില്‍നിന്നുണ്ടായത്. അതിനെ മറികടക്കാന്‍ അന്നൊരു മതേതരത്വസര്‍ക്കാരുണ്ടായിരുന്നു എന്ന ആശ്വാസംപോലും ഇന്നില്ലെന്നതാണ് ഖേദകരം.
ഹിജാബ് കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ വൈരുധ്യങ്ങള്‍ നേരത്തെതന്നെ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. മതവിശ്വാസം ഭരണഘടന അനുവദിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാദം. അത് അപ്പടി ഹൈക്കോടതി അംഗീകരിച്ചു. സത്യത്തില്‍ മറിച്ചൊരുവിധി രാജ്യത്തെ മതേതര വിശ്വാസികള്‍ പ്രതീക്ഷിച്ചതുമല്ല. കാരണം ഹൈക്കോടതിയുടെ ബെഞ്ച് നേരത്തെതന്നെ ഹിജാബ് ധരിച്ച് സ്‌കൂളുകളില്‍ പ്രവേശിക്കുന്നതിനെ താല്‍കാലികമായി തടഞ്ഞിരുന്നു. വാര്‍ഷിക പരീക്ഷ നടക്കുന്ന സമയമായിട്ടുപോലും ഹിജാബ് ധരിച്ച കുട്ടികളെ പ്രവേശിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാരും സംഘ്പരിവാരവും കൂട്ടാക്കിയില്ല. സര്‍ക്കാരുകള്‍ ഭരണഘടനാപരമായി പരാജയപ്പെടുന്നിടത്ത് നീതിപീഠങ്ങള്‍ രാജ്യത്തിന്റെ രക്ഷക്കെത്തുമെന്നത് വിദൂര പ്രതീക്ഷ മാത്രമാണെന്ന് ബാബരി മസ്ജിദ് കേസിലുള്‍പ്പെടെ തെളിഞ്ഞതാണ്. അതേസമയം, എല്ലാമത വിശ്വാസികള്‍ക്കുമെതിരെ രാജ്യത്ത് ഇത്തരത്തില്‍ സര്‍ക്കാര്‍-ഭരണകക്ഷികളുടെ ഇടപെടലുണ്ടാകുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. ‘ഹിജാബ് വിധി’ വരുന്നതിന് തൊട്ടുതലേന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സിഖ് മതവിശ്വാസികള്‍ക്ക് അവരുടെ കൃപാണ്‍ (വാള്‍) ധരിച്ച് പ്രവേശിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. സിഖ് മതക്കാര്‍ക്ക് തലപ്പാവ് ധരിച്ച് വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നതിനും പൊലീസില്‍ പ്രവര്‍ത്തിക്കുന്നതിനും യൂണിഫോമിന്റെ പേരില്‍ രാജ്യത്തൊരിടത്തും തടസ്സമില്ല. ക്രിസ്തീയ വിശ്വാസികളിലെ കന്യാസ്ത്രീകള്‍ക്കും വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ക്കും തലമറയ്ക്കുന്നതിനും പ്രശ്‌നമില്ല. അപ്പോള്‍ പ്രശ്‌നം, കറകളഞ്ഞ ഇസ്്‌ലാമോഫോബിയ മാത്രമാണ്. അമേരിക്കമുതല്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും നീണ്ട മുസ്്‌ലിംവിദ്വേഷ രാഷ്ട്രീയം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നുവെന്ന് സാരം.