കെ.ബി.എ കരീം
കൊച്ചി
‘അങ്കിള്‍, കേള്‍ക്കുന്നുണ്ടോ പൊട്ടുന്ന ശബ്ദം. അവര്‍ വീണ്ടും ബോംബ് വര്‍ഷം തുടങ്ങി. മിസൈലുകളും ഉണ്ട്. ദേ ഫഌറ്റ് കുലുങ്ങുന്നുണ്ട്. രക്ഷപ്പെടാന്‍ മെട്രോ സ്‌റ്റേഷന്‍ ഭൂഗര്‍ഭ ഭാഗത്തേക്ക് പോകാന്‍ അടിയന്തരമായി ഉത്തരവിട്ടിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും അങ്ങോട്ട് പായുകയാണ്.’ യുക്രെയ്‌നിലെ ഖാര്‍കിവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ആരംഭിച്ച മിസൈലാക്രമണം തെല്ലൊന്ന് ശമിച്ചപ്പോഴാണ് മെട്രോ സ്‌റ്റേഷനിലെ അണ്ടര്‍ ഗ്രൗണ്ടില്‍ നിന്ന് ജനം ഫഌറ്റുകളിലേക്ക് തിരികെ പോയത്. എന്നാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിയോടെ ഖാര്‍കിവില്‍ ഷെല്ലാക്രമണം വീണ്ടും ആരംഭിച്ചതോടെ സുരക്ഷ തേടി വീണ്ടും ഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് ഓടുന്ന രംഗമാണ് ഖാര്‍കിവിലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി അക്തര്‍ മുഹമ്മദ് വിവരിച്ചത്. വാട്‌സാപ്പ് കോള്‍ ആണെങ്കിലും അത്യുഗ്രന്‍ സ്‌ഫോടന ശബ്ദം ഇവിടെയും കേള്‍ക്കാമായിരുന്നു. യുക്രെയ്‌നില്‍ നടക്കുന്ന യുദ്ധ ഭീകരതയും സാധാരണ ജനങ്ങളുടെ നിസഹായവസ്ഥയും ദുരിതവും അക്തറിന്റെ ശബ്ദത്തില്‍ പ്രതിഫലിച്ചിരുന്നു.
സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നില്ലെന്നും സിവിലിയന്മാരെ ആക്രമിക്കുന്നില്ലെന്നും റഷ്യയും പ്രസിഡണ്ട് വഌദ്മിര്‍ പുട്ടിനും അവകാശപ്പെടുമ്പോഴും പ്രാണരക്ഷാര്‍ഥമുള്ള ഈ ഓട്ടപ്പാച്ചില്‍ തന്നെയാണ് സിവിലിയന്‍മാര്‍ക്ക് റഷ്യ നല്‍കുന്ന ഏറ്റവും വലിയ ശിക്ഷയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതിചെയ്യുന്ന യുക്രെയ്ന്‍ പട്ടണമാണ് ഖാര്‍കിവ്. ഇവിടെ ബോംബിട്ടു കൊണ്ടാണ് റഷ്യ യുദ്ധം തുടങ്ങിയത്. റഷ്യ ബോംബാക്രമണം അവസാനിപ്പിച്ചെന്ന സംതൃപ്തിയോടെ ഫഌറ്റുകളിലേക്ക് മടങ്ങിയവരാണ് വീണ്ടും പ്രാണ രക്ഷാര്‍ത്ഥം മെട്രോ സ്‌റ്റേഷന്‍ പോലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടുന്നത്. ഏതു സമയവും എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഖാര്‍കിവില്‍ നിലനില്‍ക്കുന്നതെന്ന് അക്തര്‍ പറഞ്ഞു. യാതൊരു ലക്ഷ്യവുമില്ലാതെ ആണ് മിസൈലുകള്‍ തൊടുത്തു വിടുന്നത്. ചിലപ്പോള്‍ അത് ജനവാസകേന്ദ്രങ്ങളിലാണ് പതിക്കുന്നത്.
നാട്ടുകാരും വിദേശികളുമടക്കം സാധാരണ ജനം തീര്‍ത്തും ജീവഭയത്താലാണ് കഴിഞ്ഞു കൂടുന്നതെന്നു പറയുമ്പോള്‍ അത്യാവശ്യ സാധനങ്ങള്‍ ബാഗിലാക്കുന്ന തിരക്കിലായിരുന്നു അക്തര്‍ . യുക്രെയ്‌നില്‍ ഏറ്റവും കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഉള്ള നഗരമാണ് ഖാര്‍കിവ്. ഇവിടെ മാത്രം 2000 മലയാളി വിദ്യാര്‍ഥികളാണുള്ളത്. ഭൂരിഭാഗവും എം.ബി.ബി.എസിന് പഠിക്കുന്നവരാണ്. ഖാര്‍കിവില്‍ മൊത്തം 6000 ഇന്ത്യക്കാരാണുള്ളത്. ഖാര്‍കിവിലെ സര്‍പീനിയ, പെരിമോഹ, ഒലസ്‌കിവിസ്‌ക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്നത്. ഈ മൂന്നു മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷ തേടി ജനം വീണ്ടും എത്തിയിരിക്കുകയാണ്. ആയിരങ്ങളാണ് ഓരോ മെട്രോ സ്‌റ്റേഷനിലും ഉള്ളത്. റഷ്യ ആക്രമണം തുടരുന്ന തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ജനം ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന മെട്രോ സ്‌റ്റേഷനുകളില്‍ അഭയം പ്രാപിച്ചിരിക്കയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ ഷെല്ലാക്രമണം തുടങ്ങിയതിനെ തുടര്‍ന്ന് മെട്രോ സ്‌റ്റേഷനില്‍ എത്തുമ്പോള്‍ ഭക്ഷണം പോലും കരുതിയിരുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കര്‍ഫ്യൂ ആയിരിക്കുമെന്ന് പറഞ്ഞതിനാല്‍ അത്യാവശ്യമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാനാണ് എല്ലാവരും വീണ്ടും ഫഌറ്റുകളിലേക്ക് തിരികെ വന്നത്. ഷെല്ലാക്രമണം വീണ്ടും ആരംഭിച്ചതോടെ കയ്യില്‍ കിട്ടിയ ഭക്ഷണസാധനങ്ങളുമായി മെട്രോ സ്‌റ്റേഷനിലേക്ക് ജനം പായുകയാണ്. സ്‌റ്റേഷനകത്തും അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന മെട്രോ ട്രെയിനുകളും ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.