X

ഏകസിവില്‍ കോഡ് ബില്‍ അവതരിപ്പിക്കരുത്; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി പി.വി അബ്ദുല്‍ വഹാബ് എം.പി

ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കാന്‍ ഡോ. കിരോഡി ലാല്‍ മീണക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ ശ്രീ വെങ്കയ്യ നായിഡുവിന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി കത്ത് നല്‍കി. ഇത്തരമൊരു ഭരണഘടനാ വിരുദ്ധ ബില്‍ അനുവദിക്കാനുള്ള സഭയുടെ തീരുമാനത്തെ അപലപിച്ച പിവി അബ്ദുള്‍ വഹാബ് എംപി ഉടനെ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഉറപ്പുനല്‍കുന്ന മനസ്സാക്ഷി, തൊഴില്‍, ആചാരം, മതപ്രചാരണം എന്നിവയുടെ സ്വാതന്ത്ര്യമാണ് ഈ വിഭജന ബില്ലിലൂടെ അപകടത്തിലായിരിക്കുന്നത്.

നിരവധി നൂറ്റാണ്ടുകളായി വിവിധ പാരമ്പര്യങ്ങളും കോഡുകളും ഉപയോഗിച്ച് ഇവിടെ താമസിക്കുന്ന 7000ത്തിലധികം കമ്മ്യൂണിറ്റികളുള്ള വൈവിധ്യമാര്‍ന്ന രാഷ്ട്രമാണ് ഇന്ത്യ. ബില്ല് അവതരിപ്പിക്കാനുള്ള രാജ്യ സഭ തീരുമാനം ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷത എന്ന ആശയത്തോടുള്ള വെല്ലുവിളിയാണ്. ന്യൂനപക്ഷ സമുദായങ്ങളെ അകറ്റി നിര്‍ത്താനും അവരുടെ ആചാരാനുഷ്ടാനങ്ങളെ നിരാകരിക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പി വി അബ്ദുള്‍ വഹാബ് എം.പി ആവശ്യപ്പെട്ടു. ഈ മഹത്തായ രാജ്യത്തിന്റെ വൈവിധ്യം എല്ലാ വിധത്തിലും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും മറ്റു മതേതര വിശ്വാസികളും ഒറ്റക്കെട്ടായി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

Test User: