സി.എ മുഹമ്മദ് റഷീദ്
വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞതാണ് നമ്മുടെ രാജ്യം. അതുകൊണ്ടുതന്നെ വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള വസ്ത്രധാരണരീതി ചിരപുരാതനകാലം മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്നതാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ഗോത്രങ്ങള്‍ക്ക്‌പോലും അവരുടേതായ വസ്ത്രധാരണ രീതികളുമുണ്ട്. താഴ്ന്ന ജാതികളില്‍പെട്ട സ്ത്രീകള്‍ മാറുമറക്കാന്‍ പാടില്ലായിരുന്ന കാലം മുമ്പുണ്ടായിരുന്നു. അതു വിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല. അവര്‍ണര്‍ എന്ന് മുദ്രകുത്തപ്പെട്ട ജനവിഭാഗത്തോട് കാണിക്കുന്ന അടിമത്തത്തിന്റെ ഭാഗമായിരുന്നു ആ മനുഷ്യത്വരഹിത നടപടി.
ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വിശ്വാസ പ്രമാണങ്ങളും ആചാര അനുഷ്ഠാനങ്ങളും ഉണ്ട്. അതനുസരിച്ചാണ് ഓരോ മത സമൂഹങ്ങളും ഇക്കാലമത്രയും ജീവിച്ചുപോന്നിരുന്നത്. മഹര്‍ഷി വര്യന്മാരും സന്യാസി സമൂഹവും കാഷായ വസ്ത്രം ധരിക്കുന്നതും കന്യാസ്ത്രീ സമൂഹം മുഖം മാത്രം പുറത്തുകാണുന്ന വിധത്തിലുള്ള ശിരോവസ്ത്രം അണിയുന്നതും മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ പര്‍ദയും ഹിജാബും ധരിക്കുന്നതുമെല്ലാം നേരത്തേ സൂചിപ്പിച്ച വിശ്വാസപ്രമാണങ്ങളുടെ ഭാഗമായാണ്. ഉടയാടകള്‍ ഊരിവെച്ച് പൂര്‍ണ നഗ്‌നരായി സന്യാസി സമൂഹം ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പുഴയില്‍ മുങ്ങിക്കുളിച്ചു വരുന്നതും ആ സമൂഹത്തിന്റെ്യൂ വിശ്വാസാചാരങ്ങളുടെ ഭാഗമായാണ്. ഹിജാബ് ധരിച്ച മുസ്ലിം പെണ്‍കുട്ടികള്‍ ഇന്ത്യയുടെ മതേതര മുഖം തകര്‍ക്കുമെന്ന് പറയുന്നിടത്ത് എന്ത് യുക്തിയാണുള്ളത്?. മത പുരോഹിതന്‍ ആകുന്നതിനു വേണ്ടി ശിരോവസ്ത്രം അണിഞ്ഞ ക്രൈസ്തവ സഹോദരനും കന്യാസ്ത്രീക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവരുടെ വിശ്വാസപ്രമാണത്തിന് അനുസൃതമായ വസ്ത്രം ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ള നാട്ടില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് എത്തുന്നത് ഇത്രമേല്‍ അപരാധമാണോ.
ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് വിശ്വസിക്കുവാനും ധരിക്കാനും ഭുജിക്കാനും അവകാശം നല്‍കുന്ന രാജ്യത്ത് ചില അടിച്ചേല്‍പ്പിക്കലുകള്‍ ഉണ്ടാകുന്നത് ബോധപൂര്‍വം ജനങ്ങളില്‍ വിള്ളലുകള്‍ തീര്‍ക്കുന്നതിന് വേണ്ടിയാണ്. ഇഷ്ടമുള്ള വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് പറയുന്ന സംഘ്പരിവാര്‍ തന്നെയാണ് അവര്‍ക്ക് ഇഷ്ടമില്ലാത്തത് ധരിക്കാന്‍ പാടില്ലെന്ന് ശഠിക്കുന്നത്. ഫാസിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും സംഘ്പരിവാര്‍ പിടിമുറുക്കുമ്പോള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച സ്റ്റുഡന്റ് പൊലീസില്‍ പങ്കെടുക്കുന്നത് നിരോധിക്കുന്ന പിണറായി സര്‍ക്കാര്‍ നടപടിയാണ് കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്. സംഘ്പരിവാറിനും കമ്യൂണിസ്റ്റുകള്‍ക്കും മറ്റു പല വിഷയങ്ങളിലുമെന്നപോലെ ഹിജാബ് വിഷയത്തില്‍ ഒരേ നയം എന്നത് വലിയ അപകടം വിളിച്ചുവരുത്തുന്നതാണ്.
ഇഷ്ടമുള്ളത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ധരിക്കാനും കഴിക്കാനും തുടങ്ങി പൗരസ്വാതന്ത്ര്യം ഉറപ്പുനല്‍കിയ മഹത്തായ ഭരണഘടനയേയും മതേതര മൂല്യങ്ങളെയും സൗഹൃദ അന്തരീക്ഷങ്ങളെയും ബോധപൂര്‍വം തകര്‍ക്കുന്നതിന് ദുഷ്ടശക്തികള്‍ നടത്തുന്ന ആപല്‍ക്കരമായ നടപടികള്‍ രാജ്യം ഒറ്റക്കെട്ടായി നേരിടുക തന്നെ വേണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അതു തകരാതിരിക്കാന്‍ കൂടുതല്‍ കരുതലോടെ മുന്നേറാം.