തൊഴിലില്ലാഴ്മ ഉള്‍പ്പടെയുള്ള യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിച്ച് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനുള്ള നീക്കമായാണ് മഹാരാഷ്ട്രയിലെ ഹനുമാന്‍ ചാലിസ, ഉച്ചഭാഷിണി എന്നി തര്‍ക്കങ്ങളിലൂടെ നടക്കുന്നതെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തൊക്കെയാണ് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍? വിലക്കയറ്റം, ഭക്ഷണം, തൊഴിലില്ലാഴ്മ. എന്നാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, പവാര്‍ വ്യക്തമാക്കി.
ഇന്ന് ടി.വി ഓണ്‍ ചെയ്താല്‍ കണ്ടത് ഹനുമാന്‍ ചാലിസയുടെ പേരിലുള്ള തര്‍ക്കങ്ങളാണ്. ഇവയെല്ലാം ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കുമോയെന്ന് പവാര്‍ ചോദിച്ചു. പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ മെയ് മൂന്ന് വരെ മഹാരാഷ്ട്ര സര്‍ക്കാറിന് സമയം നല്‍കിയ പശ്ചാത്തലത്തിലാണ് പവാറിന്റെ പ്രതികരണം.