വലിയതോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മഹാമാരികളും മനുഷ്യനെ നോക്കി വെല്ലുവിളിക്കുന്ന കാലത്ത് ആരോഗ്യ-ജീവന്‍ പരിരക്ഷാ (ഇന്‍ഷൂറന്‍സ്) മേഖല ആകര്‍ഷകമായ ബിസിനസ് രംഗമായി മാറിക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതമില്ല. ഇത് തിരിച്ചറിഞ്ഞ് പരമാവധിയാളുകളെ പോളിസികളെടുപ്പിച്ച് അതില്‍നിന്ന് കൊള്ളലാഭം കൊയ്യാനുള്ള തിടുക്കത്തിലാണ് അതിസമ്പന്നരും വന്‍കിട കുത്തക വ്യവസായികളുമിന്ന്. സോവിയറ്റ് സോഷ്യലിസം പിന്‍പറ്റി ഇന്ത്യയില്‍ പൊതുമേഖലയെ അത്ഭുതകരമായി വളര്‍ത്തിയ നെഹ്രൂവിയന്‍ കാലത്തുനിന്ന് വ്യത്യസ്തമായി അവയെ ഏതുവിധേനയും തളര്‍ത്തി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. ബി.ജെ.പി സര്‍ക്കാരുകളാണ് ഇതില്‍ മുന്‍പന്തിയില്‍. സര്‍വ പൊതുസേവന രംഗങ്ങളെയും സ്വകാര്യമേഖലക്ക് കൈമാറുക എന്നതായിരിക്കുന്നു മുമ്പ് സ്വദേശിവല്‍കരണത്തെക്കുറിച്ച് വായടിച്ചുകൊണ്ടിരുന്ന ബി.ജെ.പിയുടെ പുതുനയം. അതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ അഭിമാനമായ ലൈഫ്ഇന്‍ഷൂറന്‍സ് കോര്‍പറേഷനെയും (എല്‍.ഐ. സി) വിറ്റഴിക്കാനുള്ള തീരുമാനം.
കേന്ദ്ര സര്‍ക്കാരിന് നൂറു ശതമാനം ഉടമസ്ഥതയുള്ള എല്‍.ഐ.സിയുടെ പ്രാഥമിക ഓഹരി വില്‍പന (ഐ.പി.ഒ) ക്കാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയിരിക്കുന്നത.് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയെ പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് നേരിട്ട് കൈമാറിയ മോദി സര്‍ക്കാരാണ് എല്‍.ഐ.സിയുടെ ഓഹരികള്‍ ഏതൊരാള്‍ക്കും വാങ്ങാവുന്നവിധത്തില്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. ഇതനുസരിച്ച് മെയ്‌നാലിനാരംഭിച്ച ഓഹരി വില്‍പന അവസാനവാരം സമാപിക്കും. രണ്ടു ദിനം കൊണ്ടുതന്നെ നൂറു ശതമാനം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 7 ശതമാനം ഓഹരി വിറ്റഴിക്കാനാണ് തീരുമാനിച്ചതെങ്കില്‍ പിന്നീടത് 3.5 ശതമാനമായി നിശ്ചയിച്ചു. കോര്‍പറേഷന്റെ 22,13,72 920 ഓഹരികളാണ് വിറ്റഴിക്കുക. ഇതില്‍നിന്ന് 21,000 ലധികം കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഓഹരിയൊന്നിന് 902 മുതല്‍ 949 രൂപവരെയാണ് വില. ഇതില്‍ പോളിസി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും യഥാക്രമം 60, 40 രൂപ കിഴിവ് നല്‍കുന്നുണ്ടെങ്കിലും വന്‍കിട കുത്തകകള്‍ കൂട്ടത്തോടെ ഓഹരി വാങ്ങിയെടുക്കാനുള്ള സാധ്യത ഏറെയാണ്. ലോകത്തെ മൂന്നാമത്തേതും ഏഷ്യയിലെ ഒന്നാമത്തേതുമായ ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍. ഐ.സിയുടെമേല്‍ കണ്ണുനട്ടിരിക്കുന്നവര്‍ ഈയവസരം പ്രയോജനപ്പെടുത്തുമെന്നതില്‍ സംശയമില്ല. സെബി വില്‍പനക്ക് അനുമതി നല്‍കിയെങ്കിലും ഒരു കോടി രൂപക്കുവരെ മാത്രമേ സ്വകാര്യബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഓഹരിവാങ്ങാന്‍ കഴിയൂ എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത് ആശ്വാസമാണ്.
29 കോടിയോളം പോളിസി ഉടമകളും അഞ്ചുലക്ഷത്തോളം ഏജന്റുമാരും ലക്ഷത്തോളം ജീവനക്കാരുമുള്ള എല്‍. ഐ.സി ഇത്തരത്തില്‍ നവരത്‌ന പൊതുമേഖലാസ്ഥാപനങ്ങളെപോലെ കൂട്ടിലിട്ട് വളര്‍ത്തിയെടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. 1956ല്‍ അഞ്ചു കോടി രൂപ മുതല്‍മുടക്കില്‍ നെഹ്രു സര്‍ക്കാര്‍ നിരവധി പൊതുമേഖലാസ്ഥാപനങ്ങളെ ദേശസാല്‍കരിച്ചതോടൊപ്പം രൂപീകരിച്ചതാണ് എല്‍.ഐ.സി. പിന്നീടത് ജനമൊന്നടങ്കം കണ്ണിലെ കൃഷ്ണമണിയെപോലെ സംരക്ഷിച്ചുപോന്നു. ഇന്ന് 34 ലക്ഷം കോടിയാണ് ആസ്തി. ഇതിനെയാണ് നോട്ടു നിരോധനം പോലെ ‘പണമുണ്ടാക്കല്‍’ (മോണിറ്റൈസേഷന്‍) നയവുമായി മോദി സര്‍ക്കാര്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ മേഖലയെപോലെ സാങ്കേതിക വിദ്യയിലും പ്രചാരണത്തിലും മല്‍സരിച്ച് വിജയിക്കാനാവാത്തതാണ് എല്‍. ഐ.സിയുടെ പുരോഗതിക്ക് തടസ്സമായതെങ്കിലും ഇന്നും അതിന്റെ ലാഭം 2734.34 കോടിയായി (2021) നിലനില്‍ക്കുന്നതുതന്നെ കോര്‍പറേഷന്‍ പൊതുമേഖലയില്‍ നിലനില്‍ക്കേണ്ടതിന്റെ പ്രസക്തി വിളിച്ചുപറയുന്നു. എന്നിട്ടാണ് സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊന്മുട്ടയിടുന്ന താറാവിനെപോലെ കോര്‍പറേഷന്റെ കഴുത്തില്‍ കത്തിവെക്കുന്ന നീക്കം. ഇതിനെതിരെ ജീവനക്കാരും ഏജന്റുമാരും സമരപാതയിലാണ്. എന്തു സംഭവിച്ചാലും പിന്തിരിപ്പന്‍ നയങ്ങളുമായി മുന്നോട്ടുപോകുമെന്ന മോദി സര്‍ക്കാരിന്റെ തീരുമാനംതന്നെ ഇവിടെയും നടപ്പാക്കപ്പെടുമെന്നുറപ്പാണ്. പക്ഷേ കോടിക്കണക്കിനുവരുന്ന ഒരു ജനത അവരുടെ വിയര്‍പ്പിനാല്‍ കെട്ടിപ്പൊക്കിയവയെ ഓരോന്നും തവിടുപൊടിയാക്കി തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ഇംഗിതം നടപ്പാക്കുന്ന തിരക്കില്‍ രാജ്യത്തിന് നഷ്ടപ്പെടുന്നത് അതിന്റെ അടിത്തറ തന്നെയാണെന്ന് മറന്നുപോകരുത്. വിത്തെടുത്ത് കുത്തിയവരെല്ലാം സര്‍വനാശത്തിലേക്കല്ലാതെ മേല്‍ഗതി പ്രാപിച്ച ചരിത്രമില്ല.