18 കോടി രൂപയുടെ മരുന്നിന് കാത്തുനില്‍ക്കാതെ എസ്.എം.എ എന്ന അപൂര്‍വമായ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കുഞ്ഞു ഇമ്രാന്‍ ഇന്നും നൊമ്പരമാണ്. സന്മനസ്സുകള്‍ നല്‍കിയ നാണയതുട്ടുകള്‍ അക്കൗണ്ടിലേക്ക് ഒഴുകിയപ്പോള്‍ ദിവസങ്ങള്‍കൊണ്ടു തന്നെ മരുന്നിനാവശ്യമായ തുകയുടെ അടുത്തുവരെ എത്തി. ക്രൗഡ് ഫണ്ടിങ് കേരളീയര്‍ ഏറ്റെടുത്തതോടെ കുഞ്ഞു ഇമ്രാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഏവരും ആശിച്ചു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ആ മരുന്നിന് കാത്തുനില്‍ക്കാതെ ആറു മാസം പ്രായമായ ഇമ്രാന്‍ ഏവരേയും വിട്ടുപിരിഞ്ഞു. ഇമ്രാന്റെ ചികിത്സക്ക് വേണ്ടി പലരായി നല്‍കിയ 16.74 കോടി രൂപ ഇന്നും മങ്കട ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലാണ്. ഓരോ നിമിഷത്തിനും ജീവിന്റെ വിലയുള്ള ഇതേ രോഗവും മറ്റു അനവധി രോഗത്താലും കഷ്ടപ്പെടുന്ന നിരവധി കുട്ടികള്‍ സഹായത്തിന് കൈനീട്ടി നമുക്കിടയിലുണ്ടാകുമ്പോഴാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും ആ പണം ഒന്നും തന്നെ ചെയ്യാനാകാതെ ബാങ്കില്‍ തന്നെ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാറിനോ കേന്ദ്രത്തിനോ ക്രൗഡ് ഫണ്ടിങിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളൊന്നും തന്നെയില്ലാത്തതാണ് ബാങ്കിന് മാത്രം ഉപകാരമാകും വിധം പണം ‘ഫിക്‌സഡ്’ ഡെപ്പോസിറ്റായി മാറുന്നത്. ഇമ്രാന്റെ ചികിത്സയുമായി ബന്ധപ്പെട്ട പിതാവ് ആരിഫ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നതിനാല്‍ കോടതി നിര്‍ദേശിക്കും പ്രകാരം മാത്രമേ ഇനി ഫണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ കഴിയൂ.
ലഭിച്ചത് 16.60 കോടി; ഇപ്പോഴുള്ളത് 16.74 കോടി
ഇമ്രാന്‍ മുഹമ്മദിനെ രോഗം എസ്.എം.എ ആണെന്നും മരുന്നിന് ഏകദേശം 18 കോടി രൂപയോളം വരുമെന്നും അറിഞ്ഞതുമുതല്‍ പിതാവ് ആരിഫിന് ഉറക്കം നഷ്ടപ്പെട്ടതാണ്. തന്റെ ആദ്യ കുഞ്ഞ് രോഗം എന്താണെന്ന് പോലും അറിയാതെ നഷ്ടപ്പെട്ട വേദന പിതാവിനെ അലട്ടിയിരുന്നു. അതുപോലെ ഇമ്രാനെ വിട്ടുകൊടുക്കാന്‍ പിതാവിന് കഴിയുമായിരുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിക്ക് ദിവസം തോറും രോഗം വഷളായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരിഫ് സര്‍ക്കാറിനെ സമീപിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ മന്ത്രിയെ കണ്ടു. ഫലമുണ്ടായില്ല. കുട്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപടണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. മാസങ്ങള്‍ പിന്നേയും മുന്നോട്ടുപോയി. അവസാനം ‘ചന്ദ്രിക’യിലടക്കം വാര്‍ത്ത വന്നതോടെ സമൂഹം വിഷയം ഏറ്റെടുത്തു. ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു. ദിവസങ്ങള്‍ക്കകം തന്നെ ലക്ഷങ്ങളും കോടികളും അക്കൗണ്ടിലെത്തി. ഇമ്രാന്‍ കുഞ്ഞ് പക്ഷെ മരുന്നിന് കാത്തുനില്‍ക്കാതെ മടങ്ങി. ദിവസങ്ങള്‍ കൊണ്ട് മങ്കട ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് 16.60 കോടി രൂപ. ഇന്നലെ വരെ (ചൊവ്വ) പലിശ സഹിതം 16.74 ആയി വര്‍ധിച്ചിട്ടുണ്ട്. ഇമ്രാന്‍ മരണപ്പെട്ടതിന് ശേഷവും ഫണ്ട് വന്നിട്ടുണ്ട്. 18 കോടി അക്കൗണ്ടിലെത്തിയാല്‍ ഉടനെതന്നെ ക്ലോസ് ആകുന്ന രീതിയിലുള്ള അക്കൗണ്ടായിരുന്നു തുടങ്ങിയത്. കൂട്ടത്തോടെ ചെറുതും വലുതുമായ സംഖ്യ അക്കൗണ്ടിലേക്ക് ഒഴുകുന്നതിനാല്‍ മുഴുവനായും അക്കൗണ്ടിലേക്ക് എത്താന്‍ സമയമെടുക്കുമെന്ന കാരണത്താല്‍ ഇത്തരം ക്രൗഡ് ഫണ്ടിങ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ കഴിയില്ലെന്നാണ് ബാങ്ക് അധികൃതരുടെ വാദം. അതായത് ക്ലോസ് ചെയ്‌തെന്ന് അറിയിച്ചാലും അക്കൗണ്ട് ഓപ്പണായിരിക്കുമെന്നര്‍ത്ഥം. ക്ലോസ് ചെയ്ത വിവരം അറിയാതെ പിന്നീട് ആരെങ്കിലും പണം അയച്ചാലും അക്കൗണ്ടില്‍ പണമെത്തും. വലിയ തുക അക്കൗണ്ടിലെത്തുന്നത് ബാങ്കിനും ഗുണമെന്നതിനാല്‍ ബാങ്ക് അധികാരികള്‍ക്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനോട് താല്‍പര്യമുണ്ടാവാറില്ല എന്നും പറയുന്നുണ്ട്. ഇതുവരെ വന്ന പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇന്നും അവ്യക്തത തുടരുകയാണ്. കമ്മിറ്റിയുടെ തീരുമാനം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് നല്‍കിയ ആള്‍ എന്ന നിലയില്‍ പിതാവിന്റെ അഭിപ്രായവും കോടതി ആരാഞ്ഞിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇത്തരം കുട്ടികള്‍ക്ക് നല്‍കാനായി കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംവിധാനം വരണമെന്നാണ് ഇമ്രാന്റെ പിതാവ് ആരിഫ് ആവശ്യപ്പെടുന്നത്. ഇതിലേക്കായി ഇമ്രാനായി ആളുകള്‍ നല്‍കിയ പണം ഉപയോഗിക്കാമെന്ന് കോടതിയെ അറിയിക്കുമെന്ന് ആരിഫ് പറഞ്ഞു.
പണം നോട്ടമിട്ട് നിരവധി പേര്‍;കക്ഷി ചേര്‍ന്നവര്‍ 27
ക്രൗഡ് ഫണ്ടിങിലൂടെ ലഭിച്ച കോടികളില്‍ കണ്ണുംനട്ട് നിരവധി പേരാണ് രംഗത്തുള്ളത്. കുട്ടിയുടെ മരണ ശേഷം പണം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ നേരിട്ടും ഫോണ്‍ മുഖേനയും മറ്റു പല സംഘടനകളുടെ നേതൃത്വത്തിലും സമീപിച്ചിരുന്നതായി പിതാവ് ആരിഫ് പറയുന്നു. പണം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കക്ഷിചേര്‍ന്നവരും ധാരാളം. ഇമ്രാന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചിലാണ് പിതാവ് ആരിഫ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സെക്രട്ടറി, കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവരായിരുന്നു തുടക്കത്തില്‍ കക്ഷികള്‍. എന്നാല്‍ ഇന്ന് 27 പേരായി അത് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറും ഇതില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.