അശ്വത്ഥാമാവ് അതിബുദ്ധിമാനാണ്. പക്ഷേ കുരുക്ഷേത്രത്തില്‍ തോറ്റ പക്ഷത്താണ്. ഒടുവില്‍ ശ്രീകൃഷ്ണന്റെ ‘പാപി’യെന്ന ശാപമേറ്റയാളാണ് ഈ വ്യാസകഥാപാത്രം. ഏതാണ്ടിതേ അവസ്ഥയിലാണ് കേരള മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. ഈ ഐ.എ.എസ്മുഖ്യനെ അശ്വത്ഥാമാവായി പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ ശത്രുക്കളൊന്നുമല്ല, അങ്ങോര്‍ സ്വയംതന്നെ. ശിവശങ്കറുടെ ആത്മകഥയുടെ പേരാണ് ‘അശ്വത്ഥാമാവ് ഒരു ആനയാണ്’. പ്രമാദമായ സ്വര്‍ണക്കടത്തുകേസില്‍നിന്ന് താല്‍കാലിക മുക്തിനേടി സര്‍വീസില്‍ തിരിച്ചെത്തി പ്രത്യേകപണിയൊന്നുമില്ലാതെ കഴിയുമ്പോഴാണ് താനൊരു അശ്വത്ഥാമാവാണല്ലോ എന്ന ശങ്ക ശങ്കറിന് കലശലായത്. കുരുക്ഷേത്രയുദ്ധത്തില്‍ കൊല്ലപ്പെട്ടത് ആനയായിട്ടും മരിച്ചത് അശ്വത്ഥാമാവാണെന്ന് ദ്രോണരെ തെറ്റിദ്ധരിപ്പിച്ചതാണ് പുത്രനെപ്പറ്റി ആകുലപ്പെടാനും ശ്രദ്ധമാറാനും കൊല്ലപ്പെടാനും കാരണമായത്. ഇതിലെ ദ്രോണര്‍ തന്നെ വലുതാക്കിയ മുഖ്യമന്ത്രിയാണെന്ന് പറയാതെ പറയുകയാണ് ശിവശങ്കരിപ്പോള്‍. 2020 ജൂലൈ അഞ്ചിന് കോവിഡ് കാലത്ത് യു.എ.ഇ കേരള കോണ്‍സലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലാണ് കേരളത്തിന്റെ അശ്വത്ഥാമാവ് അഴിക്കുള്ളിലായത്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ തനിക്ക് സഹായം ചെയ്തയാളാണ് ശിവശങ്കറാണെന്നാണ് കേസിലെ മറ്റൊരു പ്രതി സ്വപ്‌നസുരേഷ് പറയുന്നത്. പുസ്തകം പുറത്തിറങ്ങിയതോടെ അശ്വത്ഥാമാവിനെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ ഉപമയും ഉല്‍പ്രേക്ഷയും കൊണ്ട് മുഖരിതമാണിപ്പോള്‍. അശ്വത്ഥാമാവ് വെറുമൊരു ആനയല്ല, യുദ്ധത്തിന് പരിശീലനം ലഭിച്ച ആനയാണെന്നാണ് നടന്‍ വിനായകന്റെ ഒളിയമ്പ്. ശിവശങ്കര്‍ സ്വര്‍ണക്കടത്തുകേസിലെ ആനയെങ്കില്‍ മുഖ്യമന്ത്രി ആനപ്പാപ്പാനാണെന്നും ട്രോളുണ്ട്. സ്വര്‍ണ ബാഗേജ് വിട്ടുകിട്ടാനായി തന്റെ ഗോഡ്ഫാദറായ ശിവശങ്കറെ വിളിച്ചിരുന്നുവെന്നും അദ്ദേഹം നോക്കിക്കോളാമെന്നു പറഞ്ഞതായുമാണ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തല്‍. താന്‍ രാത്രിയാണ് സ്വതന്ത്രയാകുന്നതെന്നും അതുകൊണ്ടാണ് തന്റെ ഫ്ലാറ്റില്‍ ശിവശങ്കര്‍ വന്നതെന്നും അവര്‍ പറയുന്നു. മാത്രമല്ല, സ്വയംവിരമിച്ച് യു.എ.ഇയില്‍ സെറ്റില്‍ ചെയ്യാമെന്ന് ടിയാന്‍ പറഞ്ഞതായും തന്നെ ഇങ്ങനെയാക്കി രക്ഷപ്പെടാന്‍ കഴിയില്ലെന്നും സ്വപ്‌ന പറഞ്ഞിട്ടുണ്ട്. പക്ഷേ സുഹൃത്തായിരുന്ന തന്നെ സ്വപ്‌ന കുടുക്കിയതാണെന്നാണ് ശിവശങ്കറുടെ വാദം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാത്തതും ആത്മകഥയുടെ ട്വിസ്റ്റ്.
ചീഫ്‌സെക്രട്ടറിയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രഭുവെങ്കിലും പിണറായിവിജയന്‍ മുഖ്യമന്ത്രിയായതോടെ ഭരണത്തിലെ സകലതും കൈകാര്യം ചെയ്തത് ശിവശങ്കറായിരുന്നു. മഹാഭാരതത്തിലെ അച്ഛന്‍-മകന്‍ അവസ്ഥ. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുറമെ വ്യവസായ-ഐ.ടി വകുപ്പിന്റെ സെക്രട്ടറിയുമായി. സ്പ്രിംഗഌ ഇടപാട്, ആഴക്കടല്‍ മല്‍സ്യബന്ധനം, ലൈഫ്മിഷന്‍ ഫ്ലാറ്റ് കരാര്‍ തുടങ്ങിയ എന്തിലും മുഖ്യന് വിശ്വാസം ശിവശങ്കറായിരുന്നു. ഇതിനിടയിലാണ് രാജ്യം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമൊക്കെ പുറത്തുവരുന്നത്. പ്രതിപക്ഷത്തിന്റെ ജാഗ്രതകൊണ്ട് എല്ലാം വെളിച്ചത്തായി. കേസിനും വിചാരണക്കുമിടയില്‍ ഒക്ടോബറില്‍ കസ്റ്റംസ് അറസ്റ്റ്‌ചെയ്ത് റിമാന്‍ഡ്‌ചെയ്ത് ജയിലിലിട്ടു. കൂടെ സസ്‌പെന്‍ഷനും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദുര്‍ഗന്ധം പരത്തിയയാളെന്ന് മന്ത്രി സുധാകരന്‍ വരെ പറഞ്ഞെങ്കിലും മുഖ്യന്‍ പരിധിവിട്ടൊന്നും പറഞ്ഞില്ല. വിരമിക്കാന്‍ മൂന്നു വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു പുകയെല്ലാം തീയായി പുറത്തുവന്നത്. സര്‍വീസ്ചട്ടം ലംഘിച്ചാണ് പുസ്തകം എഴുതിയിരിക്കുന്നതെങ്കിലും മുമ്പ് ജേക്കബ് തോമസിനും മറ്റും കിട്ടിയ നടപടി വരുമെന്നാരും വിചാരിക്കുന്നില്ല. പത്താംതരത്തില്‍ രണ്ടാം റാങ്ക് നേടി എഞ്ചിനീയറിങും ബി.ബി.എയും കഴിഞ്ഞാണ് 1995ല്‍ സിവില്‍ സര്‍വീസിലെത്തുന്നത്. കുറച്ചുകാലം റിസര്‍വ്ബാങ്കില്‍ ജോലിനോക്കിയശേഷം മലപ്പുറം കലക്ടറായി തുടങ്ങിയ സ്വര്‍ണത്തിളക്കമാര്‍ന്ന സര്‍വീസ് ജീവിതമാണ് കാക്കപ്പൊന്നാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നത്.