സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ്. കേരള പൊലീസില്‍ ക്രിമിനലുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും പൊലീസിന്റെ വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജിസ് മോന്‍ ഓര്‍മപ്പെടുത്തി. പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ഇടത് മുന്നണിക്കുള്ള പൊലീസ് നയങ്ങളുടെ ശോഭ കെടുത്തിയെന്നും നിലവിലുള്ള സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന് സംഭവിച്ച വീഴ്ചയാണോ എന്ന് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ചതിന് പിന്നാലെയാണ് എ.ഐ.വൈ.എഫിന്റെ പ്രതികരണം.
ഇന്നലെ രാത്രിയാണ് സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന കുറ്റത്തിന് എസ് ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്. എ എസ്‌ഐ പ്രമോദാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്.
സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ടിക്കറ്റ് തിരിയുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരനെ പോലീസ് ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും തല്ലി വീഴ്ത്തുകയുമായിരുന്നു. മര്‍ദ്ദനമേറ്റ യാത്രക്കാരനെ പിന്നീട് വടകരയില്‍ പൊലീസ് ഇറക്കിവിട്ടു. മര്‍ദനം ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.