ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്നവരെ ഗുണ്ടാ സംഘത്തിന്റെ ശൈലിയിലാണ് സി.പി.എം നേരിടുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ സലാം. കണ്ണൂരില്‍ കെ റെയില്‍ പദ്ധതിയുടെ വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ട സംഭവത്തിലാണ് പി.എം.എ സലാമിന്റെ പ്രതികരണം. കേന്ദ്രത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്യുന്നത് കേരളത്തില്‍ സി.പി.എം ആവര്‍ത്തിക്കുന്നതെന്ന അദ്ദേഹം തുറന്നടിച്ചു. കര്‍ഷക സമരങ്ങള്‍ക്ക് നേരെയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങള്‍ നാം മറന്നിട്ടില്ലെന്നും ജനാധിപത്യ വ്യവസ്ഥയെ സക്രിയമായി നിലനിര്‍ത്തുന്നത് വിമര്‍ശനവും പ്രതിഷേധങ്ങളുമാണെന്നും സലാം ഓര്‍മപ്പെടുത്തി.
പോലീസിനെ ഉപയോഗിച്ചും പാര്‍ട്ടിക്കാരെ നിരത്തിയും പ്രതിരോധിക്കാമെന്ന് കരുതുന്നത് വെറും വ്യാമോഹമാണെന്ന് പറഞ്ഞ സലാം പ്രതിഷേധിക്കുന്നവരെ ആക്രമിക്കുന്നതിലൂടെ ഗുണ്ടാ സംഘമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മാറിയെന്നും കൂട്ടിചേര്‍ത്തു. പോലീസ് നോക്കി നില്‍ക്കുമ്പോഴാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. സില്‍വര്‍ ലൈനിനെതിരെ കേരളം ഒന്നടങ്കം സമരത്തിലാണെന്നും ഈ സമരങ്ങളെ അടിച്ചമര്‍ത്താമെന്നാണോ സി.പി.എം കരുതുന്നതെന്നും സലാം ചോദിച്ചു.
സി.പി.എമ്മുകാരെ കയറൂരി വിട്ടുള്ള കളി തീക്കളിയാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. എങ്ങനെയൊക്കെ അടിച്ചമര്‍ത്തിയാലും ജനങ്ങള്‍ക്കൊപ്പം യു.ഡി.എഫും മുസ്ലിംലീഗും സമര രംഗത്തുണ്ടാകുമെന്ന് സലാം വ്യക്തമാക്കി. റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, വിനേഷ് ചുള്ളിയാന്‍, പ്രിനില്‍ മതുക്കോത്ത്, യഹിയ, ജെറിന്‍ ആന്റണി തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.