മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള അതിജീവിതയുടെ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ നേരത്തേ അവരെ അപമാനിച്ച കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, എം.എം. മണി തുടങ്ങിയ സി.പി.എം നേതാക്കള്‍ അവരോട് മാപ്പ് പറയേണ്ടതാണെന്ന് കെ.കെ രമ എംഎല്‍എ.
ഈ കേസില്‍ സംശയാസ്പദമായ സന്ദര്‍ഭങ്ങളിലല്ലാതെ സര്‍ക്കാരിനെയോ അന്വേഷണത്തെയോ ഈ നാട്ടിലെ സ്ത്രീകള്‍ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സമീപദിവസങ്ങളിലായി വന്ന വാര്‍ത്തകളും തെളിവുകളും വളരെ ആശങ്കാജനകമായ സ്ഥിതിയാണ് സംജാതമാക്കിയതെന്ന് അവര്‍ പറഞ്ഞു. അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് അതിജീവിതയുടെ ഹൈക്കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അതാണ്. ആ സാഹചര്യങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. അതേത്തുടര്‍ന്നുണ്ടായ ജനാധിപത്യ സമ്മര്‍ദ്ദങ്ങളാണ് ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് പോലും വഴിയൊരുക്കിയതെന്നും വ്യക്തമാക്കി.
അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് പോവാനാവില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഒറ്റവാക്കില്‍ മറികടക്കാവുന്ന പിഴവുകളും അനീതികളുമല്ല, നീതിപീഠത്തിന്റെയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. നിതാന്ത പൗരജാഗ്രത ആവശ്യമുളള സ്ഥിതിയില്‍ തന്നെയാണ് കേസ് ഇപ്പോഴും നില്‍ക്കുന്നതെന്ന് രമ ഓര്‍മപ്പെടുത്തി.
ഇന്നലെ വരെ അതിജീവിത തെരെഞ്ഞെടുപ്പ് നാടകം കളിക്കുകയാണെന്ന് പറഞ്ഞ സി.പി.എം നേതാക്കളും സൈബര്‍ അണികളും ഇപ്പോള്‍ മുഖ്യമന്ത്രിക്കും അതിജീവിതയ്ക്കും അഭിവാദ്യം വിളിച്ചു തുടങ്ങും. അതിനു മുമ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അവരെ അപമാനിച്ചതിന് മാപ്പു പറയുകയാണ് മര്യാദയെന്ന് കെ.കെ.രമ ചൂണ്ടിക്കാട്ടി.