സാമൂഹിക നീതി ഉറപ്പാക്കാനും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനും ദേശീയ തലത്തില്‍ രാഷ്ട്രീയത്തിനധീതമായ പൊതുവേദി വേണമെന്ന നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ എം.കെ സ്റ്റാലിന്‍. സോണിയാഗാന്ധി അടക്കം 37 ദേശീയ നേതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്റ്റാലിന്‍ രാഷ്ട്രീയത്തിനധീതമായ സഹകരണം അഭ്യര്‍ത്ഥിച്ചത്. ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്ലാറ്റ്‌ഫോറത്തിലേക്ക് സ്വന്തം പ്രതിനിധികളെ നിര്‍ദേശിക്കാനും എല്ലാ ദേശീയ നേതാക്കളോടും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ തമിഴ്‌നാടിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ പ്ലാറ്റ്‌ഫോറത്തിന് സ്റ്റാലിന്‍ രൂപം നല്‍കിയത്.
രാജ്യം മതഭ്രാന്തിന്റേയും മതാധിപത്യത്തിന്റേയും ഭീഷണിയിലാണെന്ന് ദേശീയ നേതാക്കള്‍ക്കുള്ള കത്തില്‍ സ്റ്റാലിന്‍ പറയുന്നു. സമത്വവും അന്തസ്സും സാമൂഹിക നീതിയും പുലര്‍ന്നു കാണമമെന്ന് ആഗ്രഹിക്കുന്ന സംഘങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ ഉത്തരം ശക്തികള്‍ക്കെതിരെ പോരാടാനാകൂ. എല്ലാ സംസ്ഥാനങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളുടെ പൊതു മിനിമം പദ്ധതി തയ്യാറാക്കണം. ബഹുഭാഷാ സംസ്‌കാരങ്ങളെ ആദരവോടെ കാണാന്‍ കഴിയുന്ന പരിസരം രാജ്യത്ത് രൂപപ്പെട്ടു വരണം. പൂര്‍വ്വികരായ രാഷ്ട്ര നേതാക്കള്‍ വിഭാവനം ചെയ്ത മതേതരത്വ ഇന്ത്യ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അനിവാര്യമാണെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു. സോണിയാ ഗാന്ധിക്കു പുറമെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ ലാലു പ്രസാദ് യാദവ് (ആര്‍.ജെ.ഡി), ഫാറൂഖ് അബ്ദുല്ല (നാഷണല്‍ കോണ്‍ഫറന്‍സ്), ശരത് പവാര്‍ (എന്‍.സി.പി), മമതാ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ഡി രാജ (സി.പി.ഐ), സിതാറാം യെച്ചൂരി (സി.പി.എം), എന്‍ ചന്ദ്രബാബു നായിഡു (ടി.ഡി.പി), അര്‍വിന്ദ് കെജ്‌രിവാള്‍(എ.എ.പി), മെഹബൂബ മുഫ്തി (പി.ഡി.പി), ചന്ദ്രശേഖര്‍ റാവു(ടി.ആര്‍.എസ്), ഉദ്ദവ് താക്കറെ(ശിവസേന), അഖിലേഷ് യാദവ് (എസ്.പി) എന്നിവരടക്കമുള്ളവര്‍ക്കാണ് കത്തയച്ചത്. രാഷ്ട്രീയത്തനധീതമായി തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാക്കളായ എ.ഐ.എ.ഡി.എം.കെ നേതാവ് ഒ പനീര്‍ശെല്‍വം, പി.എം.കെ നേതാവ് എസ് രാംദോസ്, വി.സി.കെ നേതാവ് തോള്‍ തിരുമാവളവന്‍, വൈകോ തുടങ്ങിയവര്‍ക്കും സ്റ്റാലിന്‍ ഇതേ ആവശ്യമുന്നയിച്ച് കത്തയച്ചിട്ടുണ്ട്.