കെ.പി ജലീല്‍
കോണ്‍ഗ്രസ് ബന്ധം, കെ.റെയില്‍ വിഷയങ്ങളില്‍ പിണറായിവിജയന്‍ നേതൃത്വംനല്‍കുന്ന കേരളഘടകത്തിന് കീഴടങ്ങി പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം. കേരളത്തിന്റെ ഇട്ടാവട്ടത്തുനിന്ന് ചിന്തിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ്‌വിരോധമാണ് കേരളഘടകം ഉയര്‍ത്തുന്നതെങ്കില്‍ അതേപടി അംഗീകരിക്കാന്‍ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനഘടകങ്ങളും പാര്‍ട്ടികോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കേന്ദ്രകമ്മിറ്റി മുമ്പ് അംഗീകരിച്ച കരടുനയരേഖയില്‍ പറഞ്ഞത് കോണ്‍ഗ്രസുമായി ചേര്‍ന്നായാലും ബി.ജെ.പിക്കെതിരായ വിശാലസഖ്യം വേണമെന്നായിരുന്നുവെങ്കില്‍ അത് പ്രാദേശികതലത്തില്‍മാത്രം മതിയെന്നാണ് കേരളഘടകം വാദിച്ചത്. ഇവരുടെ മൃഗീയ ഭൂരിപക്ഷത്തില്‍ രേഖ പാസാക്കുകയായിരുന്നു. ഇത് അംഗീകരിക്കുകയല്ലാതെ യെച്ചൂരിക്കും വൃന്ദകാരാട്ടിനും എം.എബേബിയെപോലുള്ളവര്‍ക്കും മറ്റുവഴിയുണ്ടായില്ല. കെ.റെയിലിലും യെച്ചൂരിക്ക് സ്വന്തം പ്രസ്താവന തിരുത്തേണ്ടിവന്നതും കേരളത്തിന്റെ താക്കീതു കാരണമാണ്. സ്വാഗതപ്രസംഗത്തില്‍ കെ.റെയില്‍പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന് പിണറായി ആവര്‍ത്തിച്ചപ്പോള്‍ അത് പിണറായിയുടെ ആഗ്രഹമാണെന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്. ഇതിന്മേല്‍ സമ്മേളനത്തിനകത്ത് ചൂടേറിയ വാദപ്രതിവാദം നടന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട യെച്ചൂരി കെ.റെയില്‍വിഷയത്തില്‍ കേന്ദ്രകമ്മിറ്റിയും കേരളഘടകവും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു.
കോണ്‍ഗ്രസിനോട് സഖ്യമില്ലാതെ ബി.ജെ.പിയെ നേരിടുമെന്ന പാര്‍ട്ടികോണ്‍ഗ്രസ് പ്രമേയം യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ ബി.ജെ.പി അനുകൂലനിലപാടാണ് തെളിയിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടുനേടി രാജ്യത്തെ ഏറ്റവും വലിയ രണ്ടാംപാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൂട്ടാതെ 1.7 ശതമാനം മാത്രം വോട്ടുള്ള സി.പി.എം ബി.ജെ.പി വിരുദ്ധസഖ്യമുണ്ടാക്കുമെന്ന് പറയുന്നതിലെ വൈരുദ്ധ്യം യെച്ചൂരിക്കുപോലും മനസിലായിട്ടില്ല.