മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ഇരുമ്പുരുക്കു ഫാക്ടറിയില്‍ സംഘര്‍ഷം. പ്രശ്‌ന പരിഹാരത്തിനെത്തിയ പൊലീസിനു നേരെയും ആക്രമണമുണ്ടായി. 19 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 27 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ നിയന്ത്രിക്കാനായെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
തൊഴിലാളി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ട്. പല്‍ഗാര്‍ ജില്ലയിലെ ബോയ്‌സര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ പ്ലാന്റില്‍ നൂറിലേറെ തൊഴിലാളികള്‍ ജോലി നോക്കുന്നുണ്ട്. തൊഴിലാളി യൂണിയനെ ചുറ്റിപ്പറ്റി ഫാക്ടറിയില്‍ ഏറെ നാളായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ചില തൊഴിലാളികളെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ തൊഴിലാളികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമായി. പൊലീസ് സ്ഥലത്തെത്തിയതോടെ കല്ലും വടിയും ഉപയോഗിച്ച് ഒരു വിഭാഗം തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു.