സമുദായ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മുസ്ലിംലീഗുമായി യോജിച്ചു പോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏകസിവില്‍ കോഡ് ഉള്‍പ്പെടെ ന്യൂനപക്ഷത്തിന്റെ തലക്ക് മുകളില്‍ ഡെമോക്ലസിന്റെ വാളുകള്‍ തുങ്ങി നില്‍ക്കുമ്പോള്‍ ഐക്യം അനിവാര്യമാണ്. എല്ലാവരും സൗഹൃദത്തോടെ മുന്നോട്ട് പോകേണ്ട സമയമാണിത്. ആ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്.
ന്യൂനപക്ഷം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്താനുള്ള പ്ലാറ്റ്ഫോം എന്ന നിലയില്‍ മുസ്ലിംലീഗുമായി ചേരാനുള്ള അവരുടെ നല്ല മനസ്സില്‍ സന്തോഷമുണ്ട്. സുഹൃദ് സന്ദേശ യാത്ര നടത്തിയപ്പോള്‍ എല്ലാവരും ഒരുമിച്ചിരുന്ന് സൗഹൃദം പങ്കുവെച്ചിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
അതേ സമയം ഐക്യത്തിന് വേണ്ടി എല്ലാ നിര്‍ദേശവും സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൃക്തമാക്കി. എല്ലാ കാലത്തും ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.