ഇന്നലെ കൊളംബിയയെ തോല്‍പ്പിച്ചതോടെ അര്‍ജന്റീനിയന്‍ ദേശീയ ടീം കോച്ച് ലയണല്‍ സ്‌കലോനിയുടെ നാമധേയത്തില്‍ ഇത് വരെ ഒരു അര്‍ജന്റീനിയന്‍ കോച്ചിനുമില്ലാത്ത ബഹുമതിയായിരിക്കുന്നു- ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വന്‍കരയിലെ ഒമ്പത് പ്രതിയോഗികളെയും തോല്‍പ്പിച്ച ആദ്യ കോച്ച്. തുടര്‍ച്ചയായി 29 മല്‍സരങ്ങളിലായി സ്‌കലോനിയുടെ അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ല. സ്വന്തം മൈതാനത്ത് നടന്ന അവസാന അഞ്ച് യോഗ്യതാ മല്‍സരങ്ങളില്‍ ഒരു ഗോളും വഴങ്ങിയിട്ടില്ല. ഖത്തര്‍ ലോകകപ്പ് അടുത്ത് വരവെ കോച്ച് ഒരു കാര്യം വ്യക്തമാക്കുന്നു- ടീം ശക്തമാണ്. പക്ഷേ ആരുടെയും സ്ഥാനം സുരക്ഷിതമല്ല-ഒരാള്‍ ഒഴികെ…. ആ ഒരാള്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ ടീമിലെത്താന്‍ എല്ലാവരും കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുമെന്ന് കോവിഡില്‍ നിന്നും ഇപ്പോള്‍ മുക്തനായ കോച്ച് വ്യക്തമാക്കി. ലോകകപ്പിന് മുന്നോടിയായി ഇനിയും ധാരാളം മല്‍സരങ്ങളുണ്ട്. എല്ലാവര്‍ക്കും അവസരം നല്‍കും. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്‍ക്കായിരിക്കും ഖത്തര്‍ അവസരമെന്നും സ്‌കലോനി വ്യക്തമാക്കി. മുഖ്യധാരയില്‍ കളിക്കുന്ന എല്ലാ അര്‍ജന്റീനക്കാരെയും ഇനിയുള്ള മല്‍സരങ്ങളില്‍ ഉപയോഗപ്പെടുത്താനാണ് കോച്ചിന്റെ തീരുമാനം.