X

Career chandrika | നിയമം പഠിച്ച് ശോഭിക്കാന്‍ ‘ക്ളാറ്റും’ ‘ഐലറ്റും’: ഇപ്പോള്‍ അപേക്ഷിക്കാം- പി ടി ഫിറോസ്‌

പി ടി ഫിറോസ്‌

ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവര്‍ക്കും ഏറെ വിപുലമായ സാധ്യതകളൊരുക്കുന്ന ശ്രദ്ധേയമായ തുടര്‍ പഠന മേഖലയാണ് നിയമം. നിയമപഠനത്തിന് അവസരമൊരുക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങണ്ടെകിലും മികച്ച പഠനാനുഭവം നല്‍കാനും പഠനം കഴിഞ്ഞവര്‍ക്ക് മികവുറ്റ അവസരമൊരുക്കാനും സാധിക്കുന്നത് വഴി ദേശീയ നിയമ സര്‍വകലാശാലകളിലെ പഠനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് രാജ്യത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ നിയമ പഠനത്തിനവസരമൊരുക്കുന്ന ഇപ്പോള്‍ അപേക്ഷിക്കാവുന്ന രണ്ട് പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.

1) കോമണ്‍ ലോ അഡ്മിഷന്‍
ടെസ്റ്റ് (ക്ളാറ്റ്)
കൊച്ചിയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) ഉള്‍പ്പെടെയുള്ള രാജ്യത്തെ 22 നിയമ സര്‍വകലാശാലകളിലെ നിയമ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണ് ക്ലാറ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്. പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള പഞ്ചവര്‍ഷ എല്‍.എല്‍.ബി പ്രവേശനത്തിന് മാര്‍ച്ച് 31 വരെ https://consortiumofnlus.ac.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലായി ബിഎ.എല്‍.എല്‍.ബി(ഓണേഴ്‌സ്), ബി.എസ്.സി.എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.ബി.എ. എല്‍.എല്‍.ബി (ഓണേഴ്‌സ്) എന്നീ കോഴ്‌സുകളുണ്ട്.
45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്കും (പട്ടിക വിഭാഗങ്ങള്‍ക്ക് 40 ശതമാനം) ഇത്തവണ +2 പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. മെയ് എട്ടിനാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം & ആനുകാലികം, ലീഗല്‍ റീസണിംഗ്, ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റിവ് ടെക്‌നിക് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും
4,000 രൂപയാണ് പരീക്ഷാ ഫീസ്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ കൂടി വേണമെങ്കില്‍ 500 രൂപ അധികമായി ഒടുക്കണം. ക്ലാറ്റ് പ്രവേശന പ്രക്രിയയയില്‍ പങ്കെടുക്കുന്ന 22 ദേശീയ നിയമ സര്‍വ്വകലാശാലകളുടെ പ്രവേശനം, സംവരണ രീതികള്‍, ലഭ്യമായ കോഴ്‌സുകള്‍, ഫീസ് വിവരം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയാന്‍ https://consortiumofnlus. ac.in/ ലുള്ള സ്ഥാപങ്ങളുടെ വെബ്‌സെറ്റുകള്‍ പരിശോധിക്കാം മാതൃകാ ചോദ്യങ്ങള്‍, മറ്റു പഠന സഹായികള്‍ എന്നിവ വെബ്‌സൈറ്റിലുണ്ടാവും. ക്ലാറ്റ്2022 യോഗ്യത നേടിയ ശേഷം ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം. 22 ദേശീയ നിയമ സര്‍വകലാശാലകള്‍ക്ക് പുറമെ ഐ.ഐ,എം റോത്തക്ക്, നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല (ദല്‍ഹി ക്യാമ്പസ്), സേവിയര്‍ ലോ സ്‌കൂള്‍ ഭുവനേശ്വര്‍, ഏഷ്യന്‍ ലോ കോളേജ് നോയിഡ, തുടങ്ങിയ വേറെയും സ്ഥാപനങ്ങളും അവരുടെ ചില കോഴ്‌സുകളിലെ പ്രവേശനത്തിന് ക്ലാറ്റ് പരീക്ഷാഫലം ഒരു മാനദണ്ഡമാക്കാറുണ്ട്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം,കോഴിക്കോട്, കോയമ്പത്തൂര്‍, മംഗലാപുരം, മൈസൂര്‍, ചെന്നൈ, ബംഗളുരു എന്നിവ അടക്കം എണ്‍പതോളം പരീക്ഷ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം.

2) ആള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (AILET)
ഡല്‍ഹിയിലുള്ള ദേശീയ നിയമ സര്‍വകലാശാലയിലെ പഞ്ചവര്‍ഷ നിയമബിരുദ പ്രോഗ്രാമായ ബി.എ.എല്‍.എല്‍.ബി (ഓണേഴ്‌സ്) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡമായ ആള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (ഐലറ്റ്). 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് (പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 40 ശതമാനം) ഏപ്രില്‍ 7 വരെ അപേക്ഷിക്കാം. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.
മേയ് ഒന്നിന് നടക്കുന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം&ആനുകാലികം, ലോജിക്കല്‍ റീസണിങ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.
പൊതു വിഭാഗത്തില്‍ 3,050 രൂപയാണ് പരീക്ഷാ ഫീസ്. കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവയടക്കം 23 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വെബ്‌സൈറ്റ്: https://nationallawuniverstiydelhi.in/
നിയമബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ‘ക്ലാറ്റ്’, ‘ഐലറ്റ്’ പരീക്ഷകള്‍ വഴി എല്‍.എല്‍.എം കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്.

Test User: