X

ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുണ്ടായ സംഘര്‍ഷം; മരിച്ചവരില്‍ 32 കുട്ടികളും

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 129 പേര്‍ മരിച്ചത്. മരിച്ചവരില്‍ 32 പേര്‍ കുട്ടികളായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്‌റ്റേഡിയത്തിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിന് കാരണമായവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകര്‍ ഇരച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഇരുടീമിന്റെയും ആരാധകരും രംഗത്തിറങ്ങി. സംഭവത്തില്‍ 200ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.

അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ കൂട്ടമായി ഓടുകയായിരുന്നു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. വീണുപോയവര്‍ക്ക് ചവിട്ടേറ്റിരുന്നു. കൂടുതല്‍ പേരും ഇങ്ങനെയാണ് മരിച്ചതെന്ന് പൊലീസ് സംഭവത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. അപകടത്തെ തുടര്‍ന്ന് അടുത്താഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരുന്നു.

Test User: