X

20 കോടിയുടെ പദ്ധതിയുമായി സി.എച്ച് സെന്റര്‍; പാലിയേറ്റീവ് സേവനം സംസ്ഥാന വ്യാപകമാക്കും: സാദിഖലി തങ്ങള്‍

കോഴിക്കോട്: ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന കോഴിക്കോട് സി.എച്ച് സെന്റര്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരില്‍ 20 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന് കീഴില്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് (പി.ടി.എച്ച്) പാലിയേറ്റീവ് സേവനം സംസ്ഥാന വ്യാപകമാക്കുമെന്ന് മുസ്്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2020 ആഗസ്ത് 15ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫഌഗ് ഓഫ് ചെയ്ത പി.ടി.എച്ചിനു കീവില്‍ വിവിധ ഘട്ടങ്ങളിലായി ഇതുവരെ ഇരുപത്തയ്യായിരത്തിലേറെ രോഗികളെ സന്ദര്‍ശിച്ച് ഡോക്ടര്‍മാരും പാലിയേറ്റീവ് വളണ്ടിയര്‍മാരും സേവനം നല്‍കി. ഈ സേവനം സംസ്ഥാന വ്യാപകമാക്കുന്നതോടെ കേരളത്തിന്റെ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഒരു ലക്ഷം വളണ്ടിയര്‍മാരെ പാലിയേറ്റീവ് പരിചരണ മേഖലയില്‍ രംഗത്തിറക്കാനാണ് പദ്ധതി. നിലവില്‍ 13 കേന്ദ്രങ്ങളില്‍ ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പരിശീലന പരി പാടികള്‍ പൂര്‍ത്തിയാക്കിയ നൂറു കണക്കിന് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. പാലിയേറ്റീവ് പരിചരണത്തിനും പരിശീലനത്തിനുമായി ആധുനിക സൗകര്യങ്ങളോടു കൂടിയ ആസ്ഥാന മന്ദിരം സി.എച്ച് സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്നു. സി.എച്ച് സെന്ററിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്ന് ഹോം കെയര്‍ വാഹനങ്ങള്‍ 24 മണിക്കൂറും സേവന സന്നദ്ധമായി രംഗത്തുണ്ട്.

പുതിയ പദ്ധതികളുടെ ഭാഗമായി എല്ലാ പരിശോധനകളുമുള്ള ഹൈ ടെക് ലാബ്, നാല് കോടിയുടെ ആഞ്ജിയോ സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഡയഗ്‌നോസ്റ്റിക് സെന്റര്‍ തുടങ്ങിയവയും സി.എച്ച് സെന്റര്‍ പരിസരത്ത് വാങ്ങിയ സ്ഥലത്ത് സ്ഥാപിക്കുമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ ടി.പി മുഹമ്മദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍, മുസ്്‌ലിംലീഗ് നേതാക്കളായ സി.എ റഷീദ്, അമീറലി, അഹമ്മദ് പുന്നക്കല്‍, ഉമ്മര്‍ അറക്കല്‍, അബ്ദുളളക്കുട്ടി, സി.കെ.വി യൂസുഫ്, പി.എസ്.എച്ച് തങ്ങള്‍, സി.കെ ഖാസിം എന്നിവരും സംബന്ധിച്ചു.

Test User: