X

career chandrika|സാധ്യതകളുടെ വാതായനങ്ങള്‍ തുറക്കാന്‍ സാമ്പത്തികശാസ്ത്ര പഠനം

പിടി ഫിറോസ്‌

സാമ്പത്തികശാസ്ത്ര പഠനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിക്കുന്ന വിദ്യാര്‍ഥികള്‍ ഇപ്പോഴുമുണ്ട്. ആഗ്രഹിച്ച മറ്റു മേഖലകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ മാത്രം തിരഞ്ഞെടുക്കുന്ന ഒരു വിഷയമായാണ് എക്കണോമിക്‌സിനെ പലരും കാണുന്നത്. സത്യത്തില്‍ എക്കണോമിക്‌സ് എന്ന വിഷയത്തിന്റെ വിശാലതയെക്കുറിച്ചും കരിയര്‍ സാധ്യതകളെക്കുറിച്ചുമറിവില്ലാത്തതിനാലാണ് ഇത്തരമൊരു കാഴ്ചപ്പാട് രൂപപ്പെട്ടു വന്നത് എന്നതാണ് വസ്തുത.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സംബന്ധിയായ ചര്‍ച്ചകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി സാമ്പത്തികശാസ്ത്ര സൂചികകള്‍ മനുഷ്യജീവിതത്തെ എത്ര ആഴത്തിലാണ് സ്പര്‍ശിക്കുന്നതെന്ന് വ്യക്തമാവാന്‍. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ നിര്‍ണയിക്കാനും ഭദ്രമാക്കാനുമുള്ള ഉള്‍ക്കാഴ്ചയോടെയുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സാമ്പത്തിക വിദഗ്ധരുടെ സേവനം അനിവാര്യമാണ്. നിരീക്ഷണപാടവം, പ്രശ്‌നങ്ങള്‍ കൃത്യമായി അവലോകനം ചെയ്യാനും പരിഹാരം കണ്ടെത്താനുമുള്ള കഴിവ്, സംഖ്യകളോടും സാമ്പത്തിക സൂചികകളോടുമുളള താത്പര്യം, ആശയവിനിമയശേഷി, ചുറ്റുപാടുകളെക്കുറിച്ചുള്ള അവഗാഹം എന്നിവയുള്ളവര്‍ക്ക് എക്കണോമിക്‌സ് ഒരു കരിയറായി തിരഞ്ഞെടുക്കാവുന്നതാണ്. സാമ്പത്തികശാസ്ത്ര മേഖലയില്‍ കഴിവും മികവും തെളിയിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പോലും ഉയരാനുള്ള അവസരങ്ങളേറെയുണ്ടിന്ന്.

പ്ലസ്ടു കഴിഞ്ഞതിന് ശേഷമുള്ള ശ്രദ്ധേയമായ പഠനവസരങ്ങള്‍ പരിചയപ്പെടാം

സാങ്കേതിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട് രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ന്ന ഐ.ഐ.ടികളില്‍ സാമ്പത്തികശാസ്ത്രം പഠിക്കാനുള്ള അവസരം കൂടി ഒരുക്കിയത് ഏറെ ശ്രദ്ധേയമാണ്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എന്നിവ ഉള്‍കൊള്ളുന്ന സയന്‍സ് ഗ്രൂപ്പ് പ്ലസ്ടു തലത്തില്‍ പഠിച്ച് ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിച്ചവര്‍ക്ക് എഴുതാന്‍ അവസരം ലഭിക്കുന്ന ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടികളിലെ ബിരുദ പ്രവേശനം. കാണ്‍പൂര്‍, ബോംബെ ഐഐടികളില്‍ നാല് വര്‍ഷ ബി.എസ് ഇന്‍ എക്കണോമിക്‌സ്, ഖരഗ്പൂര്‍ ഐ.ഐ.ടിയിലുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി ഇന്‍ എക്കണോമിക്‌സ് എന്നീ കോഴ്‌സുകളുണ്ട്. കൂടാതെ മദ്രാസ് ഐ.ഐ.ടി നടത്തുന്ന അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ഡെവെലപ്‌മെന്റല്‍ സ്റ്റഡീസിനു ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവര്‍ക്കും അപേക്ഷിക്കാം. സ്ഥാപനം നടത്തുന്ന എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം.

കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളിലെ പ്രോഗ്രാമുകള്‍ക്ക് പുറമെ ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള ഹന്‍സരാജ്, ഹിന്ദു, സെന്റ് സ്റ്റീഫന്‍സ്, ശ്രീറാം, ലേഡി ശ്രീറാം, ശ്രീ വെങ്കിടേശ്വര, ഇന്ദ്രപസ്ഥ, കമല നെഹ്‌റു, മിറാന്‍ഡ ഹൗസ് തുടങ്ങിയ കോളജുകള്‍, അലിഗഢ് മുസ്ലിം, ബനാറസ് ഹിന്ദു, ജാമിഅ മില്ലിയ്യ, ആന്ധ്രപ്രദേശ്, കര്‍ണാടക, ഇന്ദിര ഗാന്ധി നാഷണല്‍ െ്രെടബല്‍(അമര്‍കന്ത്), വിശ്വഭാരതി ശാന്തി നികേതന്‍(കൊല്‍ക്കത്ത), ഡോ. ഹരിസിംഗ് ഗൗര്‍ വിശ്വ വിദ്യാലയ (മധ്യപ്രദേശ്) തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളിലും സാമ്പത്തികശാസ്ത്രം ബിരുദതലത്തില്‍ പഠിക്കാനാവസരമുണ്ട്. ബിരുദതലത്തില്‍ സാമ്പത്തികശാസ്ത്രം പഠിപ്പിക്കപ്പെടുന്ന ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ് പൂനയിലുള്ള ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സ്. ബി.എസ്സി എക്കണോമിക്‌സ് കോഴ്‌സാണുള്ളത്. പ്രവേശനം എന്‍ട്രന്‍സ് വഴിയാണ്.

പ്രസിഡന്‍സി സര്‍വകലാശാല (കൊല്‍ക്കത്ത), മദ്രാസ് ക്രിസ്ത്യന്‍ കോളേജ് (ചെന്നൈ), സ്‌റ്റെല്ല മേരീസ് കോളേജ് (ചെന്നൈ), സെന്റ് സേവിഴ്‌സ് കോളജ്(മുംബൈ & കൊല്‍ക്കത്ത), ലയോള കോളേജ് (ചെന്നൈ), അസീം പ്രേംജി സര്‍വകലാശാല (ബെംഗളുരു), ഡോ.അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് (ബെംഗളുരു), ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി(പഞ്ചാബ്) തുടങ്ങിയ സ്ഥാപനങ്ങളിലും ബിരുദതലത്തില്‍ സാമ്പത്തികശാസ്ത്രം തിരഞ്ഞെടുക്കാം.

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഡെവലപ്‌മെന്റല്‍ സ്റ്റഡീസിലെ ഇന്റഗ്രേറ്റഡ് പിജി ശ്രദ്ധേയമായ പഠന സാധ്യതയാണ്. കൂടാതെ രാജസ്ഥാന്‍, തമിഴ്‌നാട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലകള്‍, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, ഡോ.അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് (ബംഗളുരു) എന്നിവിടങ്ങളില്‍ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുകളുണ്ട്.

പ്രവേശന നടപടിക്രമങ്ങള്‍ അറിയാന്‍ സ്ഥാപങ്ങളുടെ വെസ്ബ്‌സൈറ്റുകള്‍/നോട്ടിഫിക്കേഷനുകള്‍ എന്നിവ ശ്രദ്ധിക്കണം. ഏത് വിഷയമെടുത്ത് പ്ലസ്ടു കഴിഞ്ഞവര്‍ക്കും സാമ്പത്തികശാസ്ത്രം ബിരുദതലത്തില്‍ പഠിക്കാമെങ്കിലും ചില സ്ഥാപനങ്ങളില്‍ പ്രവേശനം നേടണമെങ്കില്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിക്കണമെന്ന നിബന്ധനയുണ്ട്.
(എക്കണോമിക്‌സ് ബിരുദശേഷമുള്ള അവസരങ്ങളെക്കുറിച്ച് അടുത്ത ആഴ്ച)

 

 

Test User: