ബെംഗളൂരു: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു. നിലവിലത്തെ സര്‍ക്കാരില്‍ പാവപ്പെട്ടവരും കര്‍ഷകരും ഗോത്രവര്‍ഗക്കാരും അസന്തുഷ്ടരാണ്. അതിനാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെടുമെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു.
ജനതാദള്‍ സെക്കുലര്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, മകനും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് കെ.സി.ആര്‍. ബെംഗളൂരുവിലെത്തിയത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യം രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്. മാറ്റത്തെ ആര്‍ക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ സമ്പദ് വ്യവസ്ഥ മന്ദീഭവിച്ചിരിക്കുകയാണെന്നും പണപ്പെരുപ്പം ദിനംപ്രതി ഉയരുകയാണെന്നും കെ.സി.ആര്‍. വിമര്‍ശിച്ചു.
ദേവഗൗഡയും കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ദേശീയതലത്തിലെയും കര്‍ണാടകയിലെയും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്‌തെന്ന് കെ.സി.ആര്‍. പറഞ്ഞു. ദേശീയതലത്തില്‍ മാറ്റമുണ്ടാകും അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. രാജ്യത്തെ ഗോത്രവര്‍ഗക്കാരും കര്‍ഷകരും പാവപ്പെട്ടവരുമൊന്നും സന്തോഷത്തിലല്ല. വ്യവസായശാലകള്‍ അടച്ചുപൂട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജി.ഡി.പി. തകരുന്നു. പണപ്പെരുപ്പം കുതിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു, കെ.സി.ആര്‍. പറഞ്ഞു. ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി ഒഴിവാക്കിയാണ് കെ.സി.ആര്‍. ബെംഗളൂരുവിലെത്തിയത്.
ഇന്ത്യന്‍ ബിസിനസ് സ്‌കൂളിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി ഹൈദരാബാദില്‍ എത്തിയത്. പ്രധാനമന്ത്രി സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മുഖ്യമന്ത്രിമാര്‍ എത്തി സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍ മന്ത്രിസഭയിലെ ഒരംഗത്തെ മോദിയെ സ്വീകരിക്കാന്‍ അയച്ച ശേഷം കെ.സി.ആര്‍. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.
ഇതാദ്യമായല്ല, കെ.സി. ആര്‍. പ്രധാനമന്ത്രിയെ നേരിട്ടെത്തി സ്വീകരിക്കാതിരിക്കുന്നത്. ഫെബ്രുവരിയിലും സമാനസംഭവം നടന്നിരുന്നു. അന്ന് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചടങ്ങില്‍നിന്ന് കെ.സി.ആര്‍ വിട്ടുനിന്നത്.