ബി.ജെ.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി ) നേതാവ് മുകേഷ് സഹാനിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പിയുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് മുകേഷ് സഹാനിയെ പുറത്താക്കിയത്. മൃഗസംരക്ഷണഫിഷറീസ് മന്ത്രിയായിരുന്നു മുകേഷ് സഹാനി.
സഹാനി ഇനി മുതല്‍ എന്‍ഡിഎയുടെ ഭാഗമല്ല. ആയതിനാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടത്. പിന്നാലെ മുഖ്യമന്ത്രി ഇക്കാര്യം രാജ്ഭവനിലേക്ക് ശുപാര്‍ശ ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച മൂന്ന് വിഐപി എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ ബി.ജെ.പി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.