ബെംഗളൂരു: ഗുജറാത്തിന് പിന്നാലെ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഭഗവത് ഗീത പഠിക്കണമെന്ന് പ്രൈമറി, സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്. നാഗേഷ് പറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രിയുമായും പാഠപുസ്തക കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യും. കുട്ടികള്‍ക്കിടയില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവരില്‍ സദാചാര ശാസ്ത്രം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിജി ഉള്‍പ്പെടെയുള്ള രാഷ്ട്രതന്ത്രജ്ഞര്‍ ഭഗവദ്ഗീത, രാമായണം, മഹാഭാരതം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. കുട്ടികളെ ധാര്‍മ്മിക ശാസ്ത്രത്തില്‍ ബോധവാന്‍മാരാക്കാന്‍ ഗീത ഉപകാരപ്പെടും- മന്ത്രി കൂട്ടിച്ചേര്‍ത്തു.