വാരാണസിയിലെ ഗ്യാന്‍വാപി മസ്ദിജിദില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര. മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.
‘അടുത്തതായി കുഴിക്കാനുള്ള പട്ടികയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഇല്ലാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം ട്വീറ്റ് ചെയ്ത് മഹുവ മൊയ്ത്ര കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് രംഗത്തെത്തിയത്.
മുകളില്‍നിന്ന് നോക്കുന്ന സമയം ശിവലിംഗത്തോട് സാമ്യമുള്ള രീതിയിലാണ് റിസര്‍ച്ച് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പരിഹാസം.
ഗ്യാന്‍വാപിയിലെ മസ്ദിജിദില്‍ സര്‍വേ നടപടിക്കിടെ ശിവലിംഗം കണ്ടെത്തി എന്നാണ് ഹിന്ദു സേന ഉന്നയിച്ച അവകാശവാദം. കഴിഞ്ഞ ദിവസം ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വാരാണസി കോടതിയുടെ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തിരുന്നു. മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും.