ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊല. പശുവിനെ കശാപ്പു ചെയ്തുവെന്നാരോപിച്ച് അഞ്ചംഗ സംഘത്തെയാണ് രാജ്യതലസ്ഥാനത്ത് ഗോ രക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. 10-15 പേരടങ്ങുന്ന ഗോ രക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് രാജാ റാം (40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൃഷിയിടം നോക്കി നടത്തുന്നയാളാണ് കൊല്ലപ്പെട്ട രാജാ റാം.
ഏപ്രില്‍ 11ന് പുലര്‍ച്ചെ 2.10നാണ് സംഭവമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ദ്വാരക മേഖലയില്‍ പശുവിനെ കശാപ്പു ചെയ്തുവെന്ന് ആരോപിച്ച് അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് എത്തും മുമ്പേ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കെതിരെ ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജാ റാമിനെ പൊലീസ് റാവു തുല റാം മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ ശങ്കര്‍ ചൗധരി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.