സി.വി.എം.വാണിമേല്‍
കാരക്കത്തോട്ടങ്ങളില്‍ രാപ്പാര്‍ക്കാന്‍ ഇനി ഹൈദരലി തങ്ങളെത്തില്ല. അറബ് നാഗരികതയുടെ ചൈതന്യം ചോരാത്ത ചരിത്ര സന്ധികള്‍ പ്രകാശം ചുരത്തുന്ന യമന്‍സ്‌കെച്ചുകളില്‍ വരയിട്ട ഖളര്‍ മൗതിലെ തരീമില്‍ നിന്ന് പാണക്കാട്ടേക്കുള്ള പാത ഓര്‍മകള്‍ ഒഴുകിയെത്തുന്ന എത്രയെത്ര സദസുകളാണ് ഹൈദരലി തങ്ങള്‍ക്കായി അറബികളൊരുക്കിയത്. ദുബായ് ഔഖാഫ് മേധാവി ശൈഖ് ഈസാ അല്‍മാന ഹൈദരലി തങ്ങള്‍ക്ക് ജൂമൈറയിലൊരുക്കിയ വിരുന്നില്‍ പാണക്കാട്ടെ സയ്യിദന്‍മാരെക്കുറിച്ചെഴുതി ആലപിച്ച അറബിക്കവിത അറബ് ഇന്ത്യാ ബന്ധത്തിന്റെ ഈടുറ്റ സൗഹൃദം പ്രകടമാക്കുന്നതായിരുന്നു. ദൈദ് ശരീഅത്ത് കോടതി ജസ്റ്റിസ് ശൈഖ് അലി മഹീത്വിക്ക് പാണക്കാട് സയ്യിദ് കുടുംബത്തെ പരിചയപ്പെടുത്തുന്നത് സി.എച്ചായിരുന്നു. യു.എഇ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ മുഹമ്മദ് ഹുസയിന്‍ അല്‍ ഖാസിമി ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വവസതിയില്‍ സ്വീകരണമൊരുക്കിയ രംഗവും അവിസ്മരണീയമായിരുന്നു.
ഹൈദരലി ശിഹാബ് തങ്ങളുമായി ഹൃദയബന്ധമുള്ള അറബികള്‍ ഒട്ടനവധിയാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പാണക്കാട്ടെ കുടുംബവുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന അറബ് പ്രമുഖരുണ്ട്. യു.എ.ഇ പ്രസിഡണ്ട് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവായിരുന്ന ശൈഖ് അലിയ്യുല്‍ ഹാശിമി, യു.എ.ഇ വഖഫ് ഇസ്‌ലാമികകാര്യ മന്ത്രിയായിരുന്ന ശൈഖ് ഖസ്‌റജി തുടങ്ങിയ അറബ് ഭരണാധികള്‍ക്ക് ഹൈദരലി തങ്ങളുമായുള്ള ബന്ധം ഊഷ്മളമായിരുന്നു. യു.എ.ഇ ദേശീല ദിനപത്രമായ അല്‍ഇത്തിഹാദിന്റെ നോര്‍തേണ്‍ എഡിഷന്‍ എഡിറ്ററായിരുന്ന അബ്ദുല്ലാ അബ്ദുര്‍ റഹ്മാന്‍ ഹൈദരലി ശിഹാബ് തങ്ങളെ പരിചയപ്പെടാന്‍ താല്‍പര്യം പ്രകടിപ്പിച്ച രംഗം ഓര്‍മ്മയില്‍ വരികയാണ്.
ഹൈദരലി തങ്ങള്‍ ഗള്‍ഫിലെത്തുമ്പോഴൊക്കെ അനുഗ്രഹം തേടിയെത്തുന്നവരില്‍ അറബികളുമുണ്ടായിരുന്നു. ശരണാര്‍ത്ഥികള്‍ക്കിടയിലായിരുന്നു എന്നും ഗള്‍ഫില്‍ ഹൈദരലി തങ്ങള്‍. പുഞ്ചിരി വിടരുന്ന മുഖത്ത് സൗമ്യഭാവത്തിന്റെ വര്‍ണങ്ങള്‍ നമുക്ക് നല്‍കുന്നത് ആശ്വാസമായിരുന്നു. പ്രതീക്ഷയായിരുന്നു. വാചാലമായിരുന്നു ആ പുഞ്ചിരി. തേട്ടമായിരുന്നു ആ നോട്ടം. അറബിക്കവി നജ്ദി അലിയുടെ വരികള്‍ എത്ര അര്‍ത്ഥസമ്പൂര്‍ണം. (കാരക്കത്തോട്ടങ്ങളിലെത്തുന്നവര്‍ സായൂജ്യരാണ്.കാരണം അവര്‍ക്കാതിഥ്യമരുളാന്‍ തസ്ബീഹ് കയ്യിലേന്തിയവരുണ്ട്. ഉറവ വറ്റാത്ത സംസം ജലത്തിന്റെ മധുരിമ നുണയാന്‍ അതിഥികളിനിയുമെത്തും) മലബാറും അറബികളും നമ്മുടെ ഗതകാല സമസ്യകളും ചരിത്രത്തിലിടം നേടുമ്പോള്‍ പാണക്കാട്ടെ സയ്യിദന്‍മാരുടെ പ്രശസ്തി അതിര്‍ത്തി കള്‍ക്കപ്പുറം പുതിയ തലങ്ങള്‍ തേടുകയാണ്. ജീവിതം തന്നെ സമൂഹത്തിന് സന്ദേശമായി നല്‍കിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വര്‍ത്തമാനകാലത്തെ മഹാമനീഷിയായി കാലം വിശേഷിപ്പിച്ചു കഴിഞ്ഞു.കരയാന്‍ കണ്ണീര്‍കടം വാങ്ങിയ ആയിരങ്ങളത് സാക്ഷ്യപ്പെടുത്തുന്നു.