നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരുമാസത്തിനുള്ളില്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അമിത് ഷാ പറഞ്ഞു.
നാഗാലാന്‍ഡില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്നും പറഞ്ഞു.
സൈന്യത്തിന് മോണില്‍ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് 21 കമാന്‍ഡോകള്‍ ആ പ്രദേശത്ത് എത്തിയതെന്നും അമിത് ഷാ ന്യായീകരിച്ചു. ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നിര്‍ത്താന്‍ സൂചന നല്‍കിയെങ്കിലും അത് നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് തീവ്രവാദികള്‍ സഞ്ചരിച്ച വാഹനം എന്ന സംശയത്തില്‍ സെന്യം വെടിയുതിര്‍ത്തുകയാണ് ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.
ശനിയാഴ്ചയാണ് നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ത്തത് 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്.