വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണം തള്ളാതെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അസംഗഢിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തെ അഖിലേഷ് എടുത്ത തീരുമാനം. പക്ഷേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പ്പൂരില്‍ നിന്ന് മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അസംഗഢില്‍ നിന്ന് മത്സരിക്കുമെന്ന് അഖിലേഷ് സൂചന നല്‍കിയത്.
മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നതിലും അഖിലേഷ് പ്രതികരണം നടത്തി.
ബിജെപിയില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അഖിലേഷ് അപര്‍ണ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു. പാര്‍ട്ടി വിട്ടത് ജനസ്വാധീനമില്ലാത്ത നേതാക്കളാണെന്നും മുലായംസിങ് യാദവ് അപര്‍ണയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എസ്പി വിജയിച്ചാല്‍ മുന്‍പുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതി വീണ്ടും നടപിലാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.