ഫെബ്രുവരി പത്തിനാരംഭിച്ച് മാര്‍ച്ച് ഏഴിന് അവസാനിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്‌പോരുകളിലാണിപ്പോള്‍ രാഷ്ട്രീയകക്ഷികള്‍. കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇതില്‍ നാലുമെന്നതിനാല്‍ ആ പാര്‍ട്ടിയുടെ ആശങ്കയും ഉത്കണ്്ഠയും സ്വാഭാവികമാണ്. എന്നാല്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ യു.പിയിലെ വോട്ടര്‍മാരെ വെര്‍ച്വല്‍റാലിയില്‍ അഭിസംബോധനചെയ്തുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്നേദിവസം നടത്തിയൊരു പ്രസ്താവം രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വൃത്തങ്ങളില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ‘ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ സംസ്ഥാനം കശ്മീരോ ബംഗാളോ കേരളമോ പോലെയാകാന്‍ അധികസമയം വേണ്ട’ എന്നാണ് യോഗിയുടെ വിവാദപ്രസ്താവന. കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് എം.പി രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി പിണറായിവിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും കക്ഷിനേതാക്കളും ലോക്‌സഭാംഗങ്ങളും ഇതില്‍ വസ്തുതകള്‍ വിവരിച്ചുകൊണ്ട് രംഗത്തുവരികയുണ്ടായി.
യു.പിയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങളെ വലിച്ചിഴച്ചതിനുപിന്നിലെ ഉദ്ദേശ്യം ഒട്ടും ശുഭകരമല്ലെന്നുതന്നെയാണ് കരുതേണ്ടത്. രാജ്യത്തെ ഒരുമുഖ്യമന്ത്രിയും ഇതുവരെ ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. മൂന്നു ഘട്ടമായി താന്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനം കേരളത്തെയും പശ്ചിമബംഗാളിനെയും കശ്മീരിനെയും പോലെയായാലെന്താണ് കുഴപ്പമെന്ന് അദ്ദേഹം പക്ഷേ വിശദീകരിച്ചുകണ്ടില്ല. എങ്കിലും ഊഹിക്കാവുന്നത് ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ കശ്മീരും നിലവില്‍ ഭരിക്കുന്നതോ ഭരിച്ചതോ ബി.ജെ.പി ഇതര കക്ഷികളാണെന്നതാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടികളാണെങ്കില്‍, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കശ്മീരില്‍ ഇപ്പോള്‍ കേന്ദ്രഭരണവുമാണ്. മൂന്നിലും മതന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യയിലും തിരഞ്ഞെടുപ്പിലും ഭരണത്തിലും ചെറുതല്ലാത്ത പങ്കുണ്ടെന്നതും ആലോചനാമൃതം. 27 ശതമാനമാണ് കേരളത്തിലെയും ബംഗാളിലെയും മുസ്്‌ലിം ജനസംഖ്യയെങ്കില്‍ കശ്മീരില്‍ അത് 96 ശതമാനമാണ്. അപ്പോള്‍ ബി.ജെ.പിയുടെയും ആദിത്യനാഥിന്റെയും ഇത:പര്യന്തമായ വര്‍ഗീയ രാഷ്ട്രീയം വെച്ചുകൊണ്ടുതന്നെ യോഗി ഉദ്ദേശിച്ചത് ആരെയാണെന്ന് വ്യക്തം. ഇവിടങ്ങളിലൊന്നിലും ഇതുവരെയും ബി.ജെ.പിക്ക് കാര്യമായൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഒരു നിയമസഭാസീറ്റുണ്ടായിരുന്ന ഒരു തവണ ഒഴികെ കേന്ദ്രഭരണകക്ഷിക്ക് ഇതുവരെയും നിയമസഭയില്‍ പച്ച തൊടാനായിട്ടില്ല. അവരുടെ വോട്ടടിത്തറയാകട്ടെ 15 ശതമാനത്തില്‍നിന്ന് പത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയുമാണ്. ബംഗാളിലും അതേ ശതമാനം വോട്ടേ ഇവര്‍ക്ക് നേടാനായുള്ളൂ.-2021ല്‍ 294 സീറ്റില്‍ നേടിയത് വെറും മൂന്നു സീറ്റും. കശ്മീരില്‍ പി.ഡി.പിയുമായിചേര്‍ന്ന് ഇടക്കാലത്ത് ഭരിച്ചെങ്കിലും അടുത്തിടെ അവിടം കേന്ദ്രഭരണപ്രദേശമാക്കി.
സാമ്പത്തികമായി നോക്കിയാലും കേരളവും ബംഗാളും കശ്മീരും യു.പിയേക്കാള്‍ ഏറെ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, പ്രതിശീര്‍ഷ വരുമാനം പോലെ ഏത് സൂചിക വെച്ചുനോക്കിയാലും കേരളം എത്രയോ മുന്നിലാണ്. കേന്ദ്ര നീതി ആയോഗിന്റെ കണക്കുപ്രകാരം യു.പിയിലെ ദരിദ്രരുടെ ശതമാനം 37.79 ആണ്. കേരളത്തില്‍ 0.71ഉം ബംഗാളില്‍ 27.43 ഉം. അയല്‍സംസ്ഥാനങ്ങളായ ബീഹാറും ഝാര്‍ഖണ്ടും മാത്രമാണ് തൊട്ടുമുകളില്‍. സാമൂഹികമായി നോക്കുകയാണെങ്കില്‍ രാജ്യത്ത് 2021ല്‍ നടന്ന കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് യോഗി ഭരിക്കുന്ന നാട്ടിലാണ്- 15.2 ശതമാനം. മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവയാണ് താഴെ. സംസ്ഥാന പദവിയിലിരിക്കെ ജമ്മുകശ്മീര്‍, ലഡാക്കിലായി ദരിദ്രരുടെ ശതമാനം 12.58 മാത്രമാണ്; യോഗിയുടെ സംസ്ഥാനത്തിന്റെ മൂന്നിലൊന്നുമാത്രം. ബലാല്‍സംഗക്കേസുകളിലാകട്ടെ രാജ്യത്ത് രണ്ടാം സ്ഥാനം. നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാണവായു കിട്ടാതെ മരിച്ചതും കോവിഡ് ബാധിതരുടെ മൃതശരീരങ്ങള്‍ ഗംഗയിലൂടെ ഒഴുകിനടന്നതും സ്വന്തം സംസ്ഥാനത്താണെന്ന് യോഗി മറയ്ക്കാന്‍ ശ്രമിച്ചാലും ഇന്ത്യന്‍ ജനത മറക്കുമോ. കോവിഡ് കാലത്ത് അഞ്ചു ശതമാനത്തിലധികമാണ് യു.പിയിലെ സാമ്പത്തികത്തളര്‍ച്ച. ബംഗാളില്‍ അടുത്ത കാലത്തായി രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചതിനുകാരണം കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അവിടെ ബി.ജെ.പിക്കാര്‍ ഇതര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌നേരെ നടത്തിയ അക്രമങ്ങളാണെന്നതും ചിന്തിതം. ഇതെല്ലാം തിരിച്ചറിഞ്ഞാല്‍ യു.പിയിലെ വോട്ടര്‍മാര്‍ തെറ്റുതിരുത്തുമല്ലോ.
ഇതിനിടെ കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കും ജനങ്ങളുടെ ഉയര്‍ന്ന പൊതുജീവിത നിലവാരത്തിനും കാരണം തങ്ങളാണെന്ന രീതിയില്‍ ഇടതുപക്ഷക്കാര്‍ പലരും ആത്മപ്രശംസ നടത്തുന്നതും കണ്ടു. ജനാധിപത്യശക്തികളുടെകൂടി പിന്തുണയോടെ നടത്തിയ ഭൂപരിഷ്‌കരണ നടപടികളും 1980കള്‍ മുതലിങ്ങോട്ട് വിദേശ നാടുകളിലേക്കുള്ള മലയാളികളുടെ കുത്തൊഴുക്കുമാണ് അതിനുകാരണമായത്. ബീമാരി (രോഗീ) സംസ്ഥാനങ്ങളെന്ന് വിളിക്കപ്പെടുന്ന യു.പി അടക്കമുള്ള ‘ഹിന്ദിബെല്‍റ്റ്’ സംസ്ഥാനങ്ങളില്‍ നിന്നും കമ്യൂണിസ്റ്റുകാര്‍ മൂന്നു പതിറ്റാണ്ടിലധികം ഭരിച്ച പശ്ചിമബംഗാളില്‍നിന്നുമെത്തുന്ന പട്ടിണിക്കോലങ്ങളാലാണ് കേരളത്തിലെ കൂലിവേല നടന്നുപോകുന്നതെന്നാര്‍ക്കറിഞ്ഞുകൂടാത്തത്. സോമാലിയയുമായും പാക്കിസ്താനുമായും കേരളത്തെ താരതമ്യപ്പെടുത്തിയ, താലിബാനെക്കുറിച്ച് വായിട്ടടിക്കുന്ന യോഗിയാദികള്‍ അധികാരത്തിനായി ഇതിലുമധികം പറയാത്തതാണത്ഭുതം!