പ്രശസ്ത സിനിമാ സീരിയല്‍ താരം കോട്ടയം പ്രദീപ് മരണപ്പെട്ടു. 61 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. വീട്ടില്‍ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല.
കൊട്ടയം കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിന്റെ സമീപമാണ് താമസം. എല്‍ഐസി ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.തന്റേതായ സംസാര രീതികൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കോട്ടയം പ്രദീപ്. നിരവധി സിനിമകളില്‍ വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രദീപ് കരിയര്‍ ആരംഭിച്ചത്. ഈ നാട് ഇന്നലെ വരെ (2001) എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. തമിഴ് സിനിമകളില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു.
കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋതിക് റോഷന്, തോപ്പില്‍ ജോപ്പന്, ഒരു വടക്കന്‍ സെല്‍ഫി എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.