അബുദാബി: അതിവിദഗ്ദമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം അബുദാബി പൊലീസ് പിടികൂടി. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള കല്ലുകള്‍ക്കിടയില്‍ സംശയം തോന്നാത്തവിധം ഒളിപ്പിച്ചുവെച്ച 600,000 ഗുളികകളാണ് പിടികൂടിയത്. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിഷക്കല്ലുകളാണെന്ന സന്ദേശവുമായി അബുദാബി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഏതൊക്കെ രീതിയിലൂടെ ശ്രമിച്ചാലും അതെല്ലാം പിടികൂടാനുള്ള സംവിധാനമുണ്ടെന്ന് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍റാഷിദി വ്യക്തമാക്കി. മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അബുദാബി പൊലീസ് നടത്തുന്ന നിതാന്ത ജാഗ്രതയിലൂടെ നിരവധിപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ ഉടനെ അറിയിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മയക്കുമരുന്നിന്റെ വിപത്ത് ഇല്ലാതിരിക്കാന്‍ പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണെന്ന് പൊലീസ് വ്യക്തമാക്കി.