റസാഖ് ഒരുമനയൂര്‍
അബുദാബിയില്‍ ഗ്യാസ് പൊട്ടിയുള്ള അപകടത്തില്‍ അബുദാബി പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം മൂലം വന്‍ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഖാലിദിയയിലെ ഖാലിദിയ മാളിനു സമീപമുള്ള ഷൈനിംഗ് ടവറിനു പിന്‍വശത്തെ കെട്ടിടത്തിലാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. അത്യാധുനിക സംവിധാനത്തോടെ പൈപ്പ് വഴി ഗ്യാസ് വിതരണം ചെയ്യുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.
ആദ്യമുണ്ടായ നേരിയ പൊട്ടിത്തെറിയെത്തുടര്‍ന്ന് കുതിച്ചെത്തിയ അബുദാബി പൊലീസും ഫയര്‍ഫോഴ്‌സും കെട്ടിടത്തിലെ മുഴുവന്‍ പേരെയും അതിവേഗം പുറത്തിറക്കിയിരുന്നു. എല്ലാവരും പുറത്തിറങ്ങി അധികം കഴിയുംമുമ്പാണ് വീണ്ടും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിലുള്ളവരെ പുറത്തിറക്കാന്‍ വൈകിയിരുന്നുവെങ്കില്‍ നിരവധിപേര്‍ക്ക് ജീവഹാനി നേരിടുമായിരുന്നു.
പൊട്ടിത്തെറിച്ച കെട്ടിടത്തില്‍നിന്ന് മുഴുവന്‍ പേരെയും ഒഴിപ്പിച്ചിട്ടും പരിസരത്തുണ്ടായിരുന്ന രണ്ടുപേര്‍ മരിക്കുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബുദാബി പൊലീസിന്റെ തീവ്രപ്രയത്‌നം മൂലം നിരവധി ജീവനാണ് രക്ഷപ്പെട്ടത്.
പരിസരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഭാഗികമായി തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വിവരം അറിഞ്ഞതുമുതല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പ്രവാസികള്‍ക്ക് നാട്ടില്‍നിന്നും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു.
ആയിരക്കണക്കിന് കുടുംബങ്ങളും ബാച്ച്‌ലറരും താമസിക്കുന്ന ഖാലിദിയയില്‍ ഏകദേശം എല്ലാ കെട്ടിടങ്ങളിലും മലയാളികളുണ്ട്. ഇവിടെയുള്ള ഓഫീസുകളിലും മലയാളി സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ നാട്ടില്‍നിന്ന് അനേകം പേരാണ് വിവരമറിയാന്‍ വിളിച്ചിരുന്നത്.