X

സ്‌നേഹത്തിന്റെ പുഴയായ് ഒരാള്‍

റിയാസ് കെ.എം.ആര്‍

രാജ്യം നേരിടുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ത്തമാനകാല പ്രതിസന്ധികളെ സ്‌നേഹംകൊണ്ട് മറികടക്കാന്‍ രാഹുല്‍ഗാന്ധി ഇന്ത്യയുടെ ഹൃദയവീഥികളിലൂടെ നടത്തുന്ന ഭാരത് ജോഡോ യാത്ര കേരളത്തിന്റെ അതിര്‍ത്തി പിന്നിട്ടിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ സ്‌നേഹത്തിന്റെ പുഴയായി ഒഴുകിയാണ് രാഹുലിന്റെ പ്രയാണം അയല്‍ സംസ്ഥാനങ്ങളിലേക്ക് തുടര്‍സഞ്ചാരം തുടങ്ങിയിരിക്കുന്നത്. കന്യാകുമാരിയില്‍നിന്നും തുടങ്ങിയ യാത്ര മലയാളനാടിന് സമ്മാനിച്ചത് സ്‌നേഹത്തിന്റെയും സാന്ത്വന സ്പര്‍ശത്തിന്റെയും കരുതലിന്റെയും 19 ദിനരാത്രങ്ങളായിരുന്നു.

രാജ്യത്ത് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി രാഹുല്‍ഗാന്ധി എന്ന മനുഷ്യന്‍ നടന്നു തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍… ഒരു നോക്കു കാണാന്‍ ജനലക്ഷങ്ങള്‍ വഴിയോരങ്ങളിലേക്ക് ഒഴുകിയെത്തി.
‘ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്നു തുടങ്ങി. ആളുകള്‍ അതിനൊപ്പം ചേര്‍ന്നു. ഒരാള്‍ക്കൂട്ടമായ് മാറി’ ഉറുദു കവി മജ്‌റൂഹ് സുല്‍ത്താന്‍പുരിയുടെ ഈ വരികള്‍ അന്വര്‍ഥമാക്കും വിധമായിരുന്നു രാഹുലിന്റെ കാല്‍നട യാത്ര.

കന്യാകുമാരിയില്‍നിന്ന് തുടങ്ങി ശ്രീനഗര്‍ വരെയുള്ള 3570 കിലോമീറ്റര്‍ ദൈര്‍ഘ്യം കാല്‍നടയായി താണ്ടാന്‍ കെല്‍പ്പ് കാട്ടിയ ഇന്ത്യയിലെ ഏക രാഷ്ട്രീയ നേതാവ് രാഹുല്‍ഗാന്ധിയാണ്. മറ്റു പല രാഷ്ട്രീയ യാത്രകളെയും പോലെ അധികാരശ്രേണിയിലേക്ക് നടന്നുകയറാനുള്ള യാത്രയായിരുന്നില്ല ആ മനുഷ്യനത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ അകന്നു തുടങ്ങിയ ഇന്ത്യക്കാരുടെ മനസുകളെ സ്‌നേഹംകൊണ്ട് ഊട്ടിയുറപ്പിക്കാനുള്ള സദുദ്ദേശത്തിന്റെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെയാണ് പാറശാല മുതല്‍ വഴിക്കടവ് വരെയുള്ള കേരളത്തിന്റെ പാതയോരങ്ങളില്‍ ആ മനുഷ്യനെ ഒരു നോക്ക് കാണാന്‍ ജനലക്ഷങ്ങള്‍ കാത്തുനിന്നത്. അയാളുടെ കരം പുണരാന്‍ വെമ്പിയത്. അദ്ദേഹത്തിന്റെ ചേര്‍ത്തുനിര്‍ത്തലില്‍ സാന്ത്വനം കണ്ടെത്തിയത്. ആ സ്‌നേഹ വായ്പ്പില്‍ കണ്ണീരണിഞ്ഞത്. രാഹുല്‍ഗാന്ധി എന്ന നാമത്തെ ഹൃദയത്തിലേറ്റിയത്.

വര്‍ത്തമാന കാല ഇന്ത്യ എത്രമാത്രം സ്‌നേഹവും ചേര്‍ത്തുനിര്‍ത്തലും ഐക്യവും കൊതിക്കുന്നുവെന്ന് ആ യാത്ര നമുക്ക് മുമ്പില്‍ സാക്ഷ്യപ്പെടുത്തിതന്നു. രാഹുല്‍ഗാന്ധി സ്‌നേഹത്തിന്റെ പുഴയായി ഒഴുകിയപ്പോള്‍ മനസുകളില്‍ അടിഞ്ഞു കൂടിയിരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസമത്വത്തിന്റെയും മാലിന്യങ്ങള്‍ എല്ലാം ഇല്ലാതായിപ്പോയി.
ആണെന്നോ പെണ്ണെന്നോ ട്രാന്‍സ്‌ജെന്‍ഡറെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ ദരിദ്രനെന്നോ സമ്പന്നനെന്നോ വ്യത്യാസമില്ലാതെ അയാള്‍ എല്ലാ മനുഷ്യരെയും ചേര്‍ത്തുനിര്‍ത്തി. മഹാത്മാഗാന്ധിയെ നേരിട്ടു കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഒരു തലമുറക്ക് മുമ്പില്‍ ആരായിരുന്നു ഗാന്ധിജിയെന്ന മനുഷ്യസ്‌നേഹിയെന്ന് തന്റെ പ്രവൃത്തിയിലൂടെ രാഹുല്‍ഗാന്ധി നിരന്തരം കാണിച്ചു തന്നു.

ഐക്യംകൊണ്ട് തീര്‍ത്ത
പ്രതിരോധം

ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വര്‍ഗീയത ഉപയോഗിച്ച് ഇന്ത്യയില്‍ വളര്‍ത്തിക്കൊണ്ടുവന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഭാരത് ജോഡോ യാത്രയുടെ വേദികളില്‍ രാഹുല്‍ഗാന്ധി നിരന്തരം ശബ്ദമുയര്‍ത്തി. വര്‍ഗീയതക്കെതിരെ ഐക്യപ്പെടേണ്ടതിന്റെ അനിവാര്യതയെകുറിച്ച് അദ്ദേഹം നിരന്തരം സംവദിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ മതേതര മുഖമുള്ളവരെന്ന് നാഴികക്ക് നാല്‍പത് വട്ടം വീമ്പുപറയുന്ന ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ സൈബറിടത്തിലും അവരുടെ നേതാക്കള്‍ പൊതുയോഗങ്ങളിലുമെല്ലാം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ രാഹുല്‍ഗാന്ധിയുടെ യാത്രയെ നിരന്തരം അവഹേളിക്കുകയാണ് ചെയ്തത്. രാഹുല്‍ഗാന്ധി കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ പോലും കേരള മണ്ണില്‍ ബാനര്‍ ഉയര്‍ത്തി ഈ യാത്രയെ അത്രമേല്‍ അധിക്ഷേപിച്ചവര്‍ക്ക് കേരളത്തിന്റെ അതിര്‍ത്തി പിന്നിട്ടാല്‍ നാല് വോട്ട് കിട്ടണമെങ്കില്‍ അതേ രാഹുല്‍ഗാന്ധിയുടെ പോസ്റ്റര്‍ അടിച്ച് പ്രചാരണം നടത്തേണ്ട ഗതികേടാണെന്നത് വസ്തുതയാണ്. നിരന്തര അവഹേളനങ്ങള്‍ നേരിട്ടപ്പോഴും അതിനൊന്നും മറുപടി പറയാന്‍ നില്‍ക്കാതെ അവരെ നോക്കി പുഞ്ചിരിയോടെ നടന്നു നീങ്ങിയ മുഖമായിരുന്നു രാഹുലിന്റേത്.

അയാള്‍ എതിര്‍ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനെയാണ്. ആര്‍.എസ്.എസിന്റെ സ്ത്രീവിരുദ്ധ മുഖം ഭാരത് ജോഡോ യാത്രയിലെ പ്രസംഗങ്ങളില്‍ രാഹുല്‍ഗാന്ധി തുറന്നുകാട്ടി. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ അത്തരം യുവാക്കളെ തന്നെ യാത്രയില്‍ അണിനിരത്തി. എന്നിട്ടും രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ രാഷ്ട്രീയം സംസാരിക്കുന്നില്ലെന്ന പെരുംനുണ പ്രചരിപ്പിച്ചവര്‍ യഥാര്‍ഥത്തില്‍ ചെയ്തത് സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ പരോക്ഷമായി പിന്തുണക്കുക എന്നത് തന്നെയാണ്.

ഏതൊക്കെ പ്രസ്ഥാനമോ നേതാക്കളോ കൂടെനിന്നാലും ഇല്ലെങ്കിലും ഋഷിതുല്യനായി ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ രാഹുല്‍ഗാന്ധി രാജ്യത്തിന്റെ യഥാര്‍ഥ മൂല്യങ്ങളെ വീണ്ടെടുക്കാനായി നടക്കുമ്പോള്‍ ആ പാദങ്ങള്‍ക്ക് കരുത്തേകാന്‍ ഇവിടെയുള്ള കോടാനുകോടി ജനതയുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ട്. ജാതി മത വര്‍ണ ലിംഗഭേദങ്ങള്‍ക്കപ്പുറം ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാന്‍ കൊതിക്കുന്ന ആ ജനകോടികളുടെ മനസ് തന്നെയാണ് ഭാരതാംബയുടെ വിരിമാറിലൂടെ സ്‌നേഹത്തിന്റെ പുഴയായ് ഒഴുകാന്‍ രാഹുലിന് പ്രചോദിതമാകുന്ന ഊര്‍ജ്ജവും. അവരാഗ്രഹിക്കുന്നു സ്‌നേഹസമ്പന്നമായ ഇന്ത്യയെ… ലോകത്തിന്മുമ്പില്‍ അഭിമാനം സ്ഫുരിക്കുന്ന മുഖമുയര്‍ത്തിനില്‍ക്കുന്ന ഇന്ത്യക്കാരനാവാന്‍… അവരെ നയിക്കാന്‍ രാഷ്ട്രീയത്തിന്റെ കാപട്യങ്ങളറിയാത്ത രാഹുല്‍ ഗാന്ധിയെന്ന ഭരണാധികാരിയെ ലഭിക്കാന്‍…

ഈ പുഴ ഇനിയുമൊഴുകട്ടെ… കാരണം ഇന്ത്യയെന്നാല്‍ വെറുപ്പല്ല, ഇന്ത്യയെന്നാല്‍ സ്‌നേഹമാണ്… അത് തന്നെയാണ് രാഹുല്‍ഗാന്ധി ഭാരത ഐക്യയാത്രയിലൂടെ പഠിപ്പിക്കുന്ന വലിയ നന്മയുടെ പാഠവും.

Test User: