മാനന്തവാടി: വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. എന്നാല്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ ശ്രമം ഫലം കണ്ടില്ല. ഇന്നലെ രാവിലെ മുതല്‍ മുഴുവന്‍ സന്നാഹങ്ങളുമായി വള്ളാരംകുന്നിലും പരിസരപ്രദേശങ്ങളിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. 30 അംഗങ്ങള്‍ അടങ്ങുന്ന സംഘം നാല് ഗ്രൂപ്പുകളായാണ് തിരച്ചിലിനിറങ്ങിയത്.മുത്തങ്ങയില്‍ നിന്നും എത്തിച്ച കുങ്കിയാനയെയും തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരുന്നു.
കുളത്താട പുഴയോരഭാഗത്ത് കടുവയുടെതായ കാല്‍പ്പാടുകള്‍ കണ്ടെത്താനായി. പിന്നീട് ഇത് തൊട്ടടുത്ത തേയിത്തോട്ടത്തിലേക്ക് കയറിയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പെത്തിച്ചേര്‍ന്നത്. ഈ ഭാഗത്ത് കുങ്കിയാനയെ ഉപയോഗിച്ചാണ് ഉച്ചക്ക് ശേഷം തിരച്ചില്‍ നടത്തിയത്.എന്നാല്‍ കടുവയെ കണ്ടെത്താനായില്ല. വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനാവാത്തതാണ് തിരച്ചില്‍ വിഫലമാക്കിയത്.
കഴിഞ്ഞ ദിവസം സ്ഥാപിച്ച ആറ് നിരീക്ഷമണ കേമറകളിലൊന്നും തന്നെ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. എന്നാല്‍ കടുവ പ്രദേശം വിട്ടുപോയതായ സൂചനകളും വനം വകുപ്പിന് ലഭിച്ചിട്ടില്ല. വനവുമായി യാതൊരു വിധത്തിലുള്ള അതിരുകളുമില്ലാത്ത ജനവാസ കേന്ദ്രത്തില്‍ കടുവയെങ്ങനെയെത്തിയെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വനം വകുപ്പിന് കഴിയുന്നില്ല. അപ്രതീക്ഷിത ആക്രമണത്തില്‍ കര്‍ഷകനായ നാട്ടുകാരന്‍ മരണപ്പെട്ടതിന്റെ നടക്കത്തിലാണ് പ്രദേശവാസികള്‍. കടുവക്കായുള്ള തിരച്ചിലിനും തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉത്തരമേഖലാ സി സി എപ് കെ എസ് ദീപ ഉള്‍പ്പെടെയുള്ള ഉന്നത വനം വകുപ്പുദ്യഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.