X

സര്‍ക്കാര്‍ നിഷ്‌ക്രിയമാകരുത്- എഡിറ്റോറിയല്‍

ബസ് യാത്രാനിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സാധാരണക്കാരെ പെരുവഴിയിലാക്കി സമരം രണ്ടാം ദിവസത്തേക്ക് കടക്കുമ്പോള്‍ യാത്രക്കാര്‍ വലിയ പ്രായസത്തിലേക്കാണ് നീങ്ങുന്നത്. കെ.എസ്.ആര്‍.ടി.സി നാമമാത്രമായി നടത്തുന്ന സര്‍വീസുകള്‍ ദുരിതത്തിന് ശമനമാകില്ല. വിദ്യാലയങ്ങളില്‍ പരീക്ഷ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ചും സ്വകാര്യബസ്‌സമരം വലിയ ആഘാതമായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് അവശ്യയാത്രകള്‍ പോലും മുടങ്ങി വലയുന്നത്. യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സ്വകാര്യ ബസുടമകളുമായി ധാരണയിലെത്തിയിട്ടും സമരം ഒഴിവാക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ നീക്കങ്ങളൊന്നുമുണ്ടായില്ല. ചാര്‍ജ് കൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. എന്നുമുതല്‍ നടപ്പാക്കണമെന്ന് മാത്രമാണ് തീരുമാനിക്കാനുള്ളത്. ഗതാഗത മന്ത്രി ആന്റണി രാജു അക്കാര്യം തുറന്നുസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു ഘട്ടത്തില്‍ ഉടമകള്‍ക്കും സര്‍ക്കാറിനുമിടക്കുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സമരമെന്ന് പൊതുജനം സംശയിച്ചുപോവുക സ്വാഭാവികം.

കേരളത്തിന്റെ യാത്രാരംഗത്ത് പൊതുഗതാഗതത്തിനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. പ്രത്യേകിച്ചും സ്വകാര്യബസുകളാണ് സംസ്ഥാനത്തെ ചലിപ്പിക്കുന്നത്. ഒരുകാലത്ത് ഏറെ സജീവമായി നിന്നിരുന്ന ബസ് വ്യവസായം ഇപ്പോള്‍ കട്ടപ്പുറത്താണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്പതിനായിരത്തിന് അടുത്തുണ്ടായിരുന്ന ബസുകളുടെ എണ്ണം ഇപ്പോള്‍ ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. 2020ന് തൊട്ടുമുമ്പ് സംസ്ഥാനത്ത് 12,600 സ്വകാര്യ ബസുകള്‍ ഓടുന്നുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയോടെ അയ്യായിരത്തോളം ബസുകള്‍ സര്‍വീസ് ഉപേക്ഷിച്ചു. ഇപ്പോള്‍ 7600 എണ്ണമാണ് ഓടുന്നത്. അതിനുള്ള കാരണവും വ്യക്തം. ഭാരിച്ച നികുതിയും നിത്യേന ഉയരുന്ന പെട്രോള്‍, ഡീസല്‍ വിലയും മേഖലയെ നഷ്ടത്തിലെത്തിച്ചു. സ്‌പെയര്‍പാര്‍ട്‌സുകളും കീശ കാലിയാക്കിത്തുടങ്ങിയതോടെ ഉടമകളും തൊഴിലാളികളും ഒരുപോലെ കഷ്ടത്തിലായി. അവരുടെ കുടുംബങ്ങള്‍ പട്ടിണിയായി. കോവിഡ് കാലത്ത് ബസ് ജീവനക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ജോലിക്കാരുടെ എണ്ണം കുറച്ച് പരീക്ഷിച്ചെങ്കിലും കുതിച്ചുയരുന്ന ചെലവുകളെ മറിടക്കാന്‍ സാധിച്ചില്ല. ഓടാതെ കിടന്നാല്‍ ബസുകള്‍ നശിക്കുമെന്നതുകൊണ്ട് മാത്രമാണ് പലരും സര്‍വീസ് തുടരുന്നത്.

നഷ്ടത്തിലോടുന്ന ബസ് വ്യവസായത്തെ രക്ഷിക്കാന്‍ കാലങ്ങളായി സര്‍ക്കാറിന്റെയും ഉമടകളുടെയും കയ്യിലുള്ള ഏക ആയുധം ചാര്‍ജ് വര്‍ധനയാണ്. പക്ഷേ, അതുകൊണ്ട് മാത്രം തുരുമ്പുപിടിച്ചു തുടങ്ങിയ മേഖലയെ രക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. അതിനപ്പുറം ശാസ്ത്രീയമായ ഒരു നീക്കവും ഉണ്ടാകാറില്ല. ബസ് ചാര്‍ജ് അടിക്കടി വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയാണ് ബാധിക്കുന്നത്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ച ഘട്ടത്തില്‍ നിരക്ക് കൂട്ടിയിരുന്നു. പിന്നീട് കുറയ്ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. അതിനുശേഷവും ചാര്‍ജ് കൂട്ടാന്‍ ബസുടമകള്‍ മുറവിളി തുടര്‍ന്നു. സര്‍ക്കാര്‍ അതിന് സമ്മതിക്കുകയും ചെയ്തു. പക്ഷേ, അനിയന്ത്രിതമായി കുതിക്കുന്ന ചെലവുകളുടെ ഭാരം മുഴുവന്‍ പൊതുജനത്തിന്റെ ചുമലില്‍ കെട്ടിവെക്കുന്നത് നീതിയല്ല. യാത്രക്കാരെ പിഴിഞ്ഞ് എത്രകാലം ബസ് വ്യവസായത്തെ കൊണ്ടുപോകാന്‍ സാധിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്. നഷ്ടങ്ങള്‍ പരിഹരിക്കാന്‍ നികുതി ഇളവ് ഉള്‍പ്പെടെയുള്ള കാതലായ നടപടികള്‍ സ്വീകരിക്കണം. പ്രതിദിനം ഒരു ബസിന് ഓടണമെങ്കില്‍ ശരാശരി പതിനായിരത്തിന് മുകളില്‍ ചെലവുണ്ടെന്നാണ് കണക്ക്. ഡീസല്‍ വിലയും നികുതിയും ഇന്‍ഷുറന്‍സ് പ്രീമിയവും ജീവനക്കാരുടെ കൂലിയുമെല്ലാം കഴിച്ചാല്‍ ഏറെയൊന്നും ബാക്കിയാകില്ല. കുടുംബം പോറ്റാന്‍ പല ജീവനക്കാരുമിപ്പോള്‍ പകുതി കൂലിക്കാണ് ജോലി ചെയ്യുന്നത്. എന്തു വില കൊടുത്തും പൊതുഗതാഗത മേഖലയെ സംരക്ഷിക്കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും ഇടത്തരാക്കാരുടെയും പ്രധാന ആശ്രയമെന്ന നിലയില്‍ മാത്രമല്ല, റോഡില്‍ വാഹനപ്പെരുപ്പം നിയന്ത്രിക്കാനും അത് അനിവാര്യമാണ്. തണുപ്പന്‍ പ്രസ്താവനകളിലൂടെ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും അധികാരികള്‍ തയാറാവുകയും ബസ് സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

Test User: