ദോഹ: പെരുന്നാള്‍ പിറ്റേന്ന് ഖത്തറിലെ മിസഈദിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി പുറങ്ങ് കുണ്ടുകടവ് കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ എം.കെ ഷമീം (35), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട്തറയില്‍ (37) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ ഇരിട്ട ഉളിക്കല്‍ സ്വദേശി ശരണ്‍ജിത് ശേഖരന്‍ അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന സജിത്തിന്റെ ഒന്നര വയസ്സുകാരി മകള്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മിസഈദ് സീ ലൈനിലേക്ക് ഡെസേര്‍ട്ട് സഫാരിക്ക് പോയ സംഘം സഞ്ചരിച്ച ഒരു വാഹനമാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ മുഐദറിലെ താമസ സ്ഥലത്തു നിന്നും രണ്ടു വാഹനങ്ങളിലായാണ് സംഘം പുറപ്പെട്ടത്. മരിച്ച മൂന്നു പേരും, പരിക്കേറ്റ ശരണ്‍ജിത്തും സജിത്തിന്റെ കുഞ്ഞുമായിരുന്നു അപകടത്തില്‍പെട്ട ലാന്‍ഡ് ക്രൂസ് വാഹനത്തിലുണ്ടായിരുന്നത്. വൈകുന്നേരം അഞ്ചു മണിക്കു ശേഷംനടന്ന അപകടത്തില്‍ മൂന്നു പേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ശരണ്‍ജിത്തിനെയും, കുഞ്ഞിനെയും മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ച അമ്മയെയും എയര്‍ ആംബുലന്‍സില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഷമീമിന്റെ മൃതദേഹം ഖത്തറിലെ അബൂഹമൂറില്‍ ഖബറടക്കുമെന്ന് ഖത്തര്‍ കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. സജിത്തിന്റെയും റസാഖിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണ്. പൊന്നാനി മാറഞ്ചേരി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദ് അലിയാണ് റസാഖിന്റെ പിതാവ്. മാതാവ് ജമീല. ഭാര്യ ഫസീല. മഹമൂദ് എം.കെയാണ് ഷമീമിന്റെ പിതാവ്. മാതാവ് ഹലീമ. ഭാര്യ മുര്‍ശിദ ബാനു. മക്കള്‍: അബാന്‍ മഹ്മൂദ്, ഐബിന്‍ മഹ്മൂദ്. സഹോദരിമാര്‍: ലൈല, താഹിറ, റസീന, നസ്‌റീന.
12 വര്‍ഷമായി ഖത്തറിലുള്ള സജിത്ത് ആലപ്പുഴ മാവേലിക്കര എണ്ണക്കാട് മങ്ങാട് തറയില്‍ സുരേന്ദ്രന്‍വത്സല ദമ്പതികളുടെ മകനാണ്. വുഖൂദ് പെട്രോള്‍ സ്‌റ്റേഷനില്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ രേവതി സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്.