X

2021-22ല്‍ ബി.ജെ.പി സമാഹരിച്ചത് 6046.81 കോടി; ദേശീയ പാര്‍ട്ടികളുടെ വരുമാനത്തില്‍ 69 ശതമാനവും ബി.ജെ.പിക്ക്‌

ന്യൂഡല്‍ഹി: 2021-22ല്‍ എട്ട് ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സമാഹരിച്ചത് 8829.15 കോടിയുടെ ആസ്തികള്‍. തൊട്ടു മുന്‍പത്തെ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 20.98 ശതമാനത്തിന്റെ വര്‍ധനവാണിത്. കേന്ദ്രത്തിലെ മുഖ്യഭരണകക്ഷിയായ ബി.ജെ.പിയാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത്. സമ്പാദ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് രണ്ടാമതും സി.പി.എം മൂന്നാം സ്ഥാനത്തുമാണ്. ആകെ ലഭിച്ച തുകയുടെ 69 ശതമാനവും ബി.ജെ.പിയാണ് സ്വന്തമാക്കിയത്. 6046.81 കോടിയാണ് ബി.ജെ.പിയുടെ സമ്പാദ്യം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട് അനുസരിച്ച് 2021-22ല്‍ 8829.15 കോടി രൂപയാണ് ദേശീയ പാര്‍ട്ടികളുടെ സമ്പാദനം. 2020-21ല്‍ ഇത് 7197.61 കോടിയായിരുന്നു. 2004-05ല്‍ ദേശീയ പാര്‍ട്ടികളുടെ ആകെ സമ്പാദ്യം 431.33 കോടി രൂപയായിരുന്നതാണ് 2021-22ല്‍ 8829.158 കോടിയായി വര്‍ധിച്ചത്. ബി.ജെ.പിയുടെ ആസ്തി 4990.19 കോടിയില്‍ നിന്നും 21.17 ശതമാനം വര്‍ധിച്ച് 6046.81 കോടിയായാണ് ഉയര്‍ന്നത്. അതേ സമയം മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വരുമാനം 691.11 കോടിയില്‍ നിന്നും 16.58 ശതമാനം വര്‍ധിച്ച് 805.68 കോടിയായാണ് വര്‍ധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 151.70 ശതമാനം വര്‍ധനവോടെ 182 കോടിയില്‍ നിന്നും 458.10 കോടിയായാണ് ടി.എം.സിയുടെ സമ്പാദ്യം ഉയര്‍ന്നത്.

സി.പി.എമ്മിനും സമ്പത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. 654.79 കോടിയില്‍ നിന്നും 735.77 കോടിയായാണ് വരുമാനവര്‍ധനവ്. സി.പി.ഐയുടെ വരുമാനം 14.05 കോടിയില്‍ നിന്നും 15.72 കോടിയായും ഉയര്‍ന്നു. എന്‍.സി.പിയുടെ വരുമാനം 30.93 കോടിയില്‍ നിന്നും 74.53 കോടിയായും ഉയര്‍ന്നിട്ടുണ്ട്. കോണ്‍റാഡ് സാംഗ്മയുടെ എന്‍.പി.ഇ.പിയുടെ സമ്പത്ത് 1.72 കോടിയില്‍ നിന്നും 1.82 കോടിയായി ഉയര്‍ന്നു. അതേ സമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യതയില്‍ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ ബാധ്യതയുള്ളത്. 41.95 കോടിയുടെ ബാധ്യതകള്‍ പാര്‍ട്ടിക്കുണ്ട്. സി.പി.എമ്മിന് 12.21 കോടിയും ബി.ജെ.പിക്ക് 5.17 കോടിയുടേയും ബാധ്യതകളുണ്ട്. 2021-22 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ മൂലധനം സമാഹരിച്ചത് ബി.ജെ.പിയാണ് 6041.64 കോടി കോണ്‍ഗ്രസ് 763.73 കോടിയും സി.പി.എം 723.56 കോടിയും സമാഹരിച്ചു.

webdesk11: