കെ.പി ജലീല്‍
പുതുനഗരം എന്ന നാമം ഇന്ത്യന്‍ മുസ് ലിമിന്റെയും ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗിന്റെയും ചരിത്രത്തില്‍ തങ്കലിപികളില്‍ കൊത്തിവെക്കപ്പെടാവുന്ന ഏടുകളിലൊന്നാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് രൂപീകൃതമാകുന്നതിന് മുമ്പേ ഹരിതപതാക ഉയര്‍ത്തപ്പെട്ട പഴയ മലബാര്‍ പ്രദേശം. പാര്‍ട്ടി സ്ഥാപകരിലൊരാളായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ് ഇവിടെ പളളിമൈതാനിയില്‍ ആദ്യമായി ഹരിതപതാക ഉയര്‍ത്തുന്നതും സദസ്സിനെ അഭിസംബോധന ചെയ്യുന്നതും. മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ല അന്ന് പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരും മറ്റും ഉള്‍പ്പെടുന്നതായിരുന്നു. കോഴിക്കോട് കഴിഞ്ഞാല്‍ മലബാറിലെ വലിയ ശക്തികേന്ദ്രമായിരുന്നു ലീഗിന് പാലക്കാട്. അവിടെയാണ് ഖാഇദേമില്ലത്ത് പ്രസംഗിക്കാനായെത്തുന്നത്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1947 നവംബര്‍ 10,11 തീയതികളില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ് ലിംലീഗ് ദേശീയകൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ഇസ്മാഈല്‍ സാഹിബ് പാലക്കാട്ടെത്തുന്നത്. പാക്കിസ്താന്‍ രൂപീകരിച്ചെന്നും മുസ് ലിംലീഗ് ഇനി ആവശ്യമില്ലെന്നും കാട്ടി സുഹൃവര്‍ദി എന്ന മുസ് ലിംലീഗ് നേതാവാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പക്ഷേ ഖാഇദേമില്ലത്തും യോഗത്തില്‍ പങ്കെടുത്ത കേരളത്തില്‍നിന്നുള്ള നേതാവ് കെ.എം സീതിസാഹിബും ഈ തീരുമാനത്തോട് യോജിച്ചില്ല. പുതിയ ഇന്ത്യയില്‍ മുസ് ലിംലീഗ് രൂപീകരിക്കാനായി കണ്‍വീനറായി ഇസ്മാഈല്‍ സാഹിബിനെ തെരഞ്ഞെടുത്ത ശേഷമാണ് അദ്ദേഹം പാലക്കാട്ടെത്തുന്നത്. അതിന് മുമ്പ് കറാച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
കറാച്ചിയില്‍ ഏതാനുംദിവസങ്ങള്‍ (രണ്ടാഴ്ചയാണെന്ന് ചിലരേഖകള്‍) താമസിച്ച് ഭാവിപരിപാടികള്‍ ആസൂത്രണംചെയ്തശേഷം നാട്ടിലേക്ക് മടങ്ങിവരവെ പാലക്കാട് മുസ്ലിംലീഗ് സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കമ്പിസന്ദേശം ലഭിക്കുന്നു. നേരെ ചെന്നൈയില്‍ ഇറങ്ങാതെ പാലക്കാട്ടേക്കായി യാത്ര. പാലക്കാട് എത്തിയപ്പോള്‍ യോഗംനിരോധിച്ചതായി പൊലീസ് അറിയിപ്പ് വന്നു. ഇതോടെയാണ് പുതുനഗരത്തേക്ക് പരിപാടി മാറ്റാന്‍ തീരുമാനിക്കുന്നത്. നവംബറിലാണെങ്കിലും കൃത്യമായ യോഗതീയതി ലഭ്യമല്ല. പുതുനഗരത്തെ ഹനഫിപളളിയുടെ മുന്നിലെ ചെറിയ മൈതാനത്ത് വേദി കെട്ടി. അവിടെ പ്രധാനറോഡരികിലായി മുസ്ലിംലീഗിന്റെ പതാകയും ഖാഇദേമില്ലത്ത് ഉയര്‍ത്തി.പിന്നീട് 2 മാസത്തിന് ശേഷമാണ് 1948 മാര്‍ച്ച് പത്തിന് ചെന്നൈ രാജാജി ഹാളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ് ലിംലീഗ് രൂപീകരിക്കപ്പെടുന്നത്.
പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ഇസ്്മാഈല്‍ സാഹിബ് നേരെ ചെന്നത് പുതുനഗരത്തേക്കായിരുന്നു. അവിടെ കൂടിയ പ്രവര്‍ത്തകരോട് അദ്ദേഹം തമിഴില്‍ സംസാരിച്ചു. ഭൂരിപക്ഷവും തമിഴ് ഭാഷ വശമുള്ളവരായിരുന്നു അവര്‍. അധികവും ബീഡിതെറുപ്പുതൊഴിലാളികളായിരുന്നു ഉപജീവനത്തിനായി തെങ്കാശി ഭാഗത്തുനിന്ന് കുടിയേറിയ മുസ് ലിംകള്‍. അന്ന് യോഗത്തിന് സ്വാഗതം പറഞ്ഞത് പിന്നീട് ജില്ലാജഡ്ജിയായി അടുത്തിടെ 105-ാം വയസ്സില്‍ അന്തരിച്ച പി.എ ഖാദര്‍ മീരാന്‍ ആയിരുന്നു. ഇന്ന് അവശനാണെങ്കിലും ബദറുദ്ദീന്‍ സാഹിബും യോഗത്തില്‍ പങ്കെടുത്ത കാര്യം ഓര്‍ക്കുന്നു. ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയായ ഇവിടെ കാലങ്ങളായി മുസ് ലിംലീഗ് തന്നെയാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതും. ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി 2023 മാര്‍ച്ച് പത്തിന് ഇവിടെ 75 ഹരിതപതാകകള്‍ ഉയര്‍ത്താന്‍ മുസ് ലിം ലീഗ് പദ്ധതിയിട്ടിട്ടുണ്ട്.